ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്രവാഹനം ഓടിച്ചു ; പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക, ഒപ്പം ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡും ചെയ്തു

കണ്ണൂര്‍: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിന് പിഴയായി വന്നത് ഒരു ബൈക്ക് വാങ്ങാനുള്ള തുക. പിഴ ഒരു കേസിന് മാത്രമല്ല അഞ്ച് മാസത്തിനിടെ 146 കേസുകളാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ചെറുകുന്ന് സ്വദേശിയായ 25കാരന് വന്നത്. ഈ കേസുകളില്‍ 86500 രൂപയാണ് പിഴ ചുമത്തിയത്.

കൂടാതെ ഈ അഞ്ച് മാസ കാലയളവിനുള്ളില്‍ ഇതേ യുവാവിന്റെ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റില്‍ ആളുകള്‍ യാത്ര ചെയ്തതിന് 27 കേസുകള്‍ വേറെയുമുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ റോഡ് ക്യാമറയിലാണ് യുവാവ് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥിരമായി പതിഞ്ഞത്. പിഴയൊടുക്കിയാലും ബൈക്ക് ഓടിക്കാന്‍ യുവാവിന് കാത്തിരിക്കേണ്ടി വരും. ഒരു വര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയൊടുക്കണമെന്ന് കാണിച്ച് ഓരോ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും യുവാവിന് നോട്ടീസും മെസേജും നല്‍കിയിരുന്നു. എന്നാല്‍ പിഴയൊടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ദിവസം കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ.സി ഷീബയും സംഘവും യുവാവിനെ നേരില്‍ കണ്ട് പിഴയൊടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക ഉടന്‍ അടയ്ക്കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നുമാണ് യുവാവ് അറിയിച്ചിട്ടുള്ളത്. പിഴ ഒടുക്കുന്നതുവരെ ബൈക്ക് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിക്കും.

error: Content is protected !!