ആദ്യം 26കാരിയായ യുവതിയുടെ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴി മെസേജ് വന്നു. അയച്ചയാളുടെ നമ്പര്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ആരാണെന്ന് അന്വേഷിച്ച് യുവതി മറുപടി അയച്ചു. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം, യുവതിയുടെ വാട്‌സ് ആപ്പിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വീഡിയോയുടെയും സന്ദേശങ്ങളുടെയും വീഡിയോ കോളുകളുടേയും പ്രവാഹം. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരുവില്‍ ഡിസംബര്‍ 14നാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിമാക്കിയെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ നിറഞ്ഞതോടെ, നമ്പറിന്റെ ഉടമയാരാണെന്നറിയാന്‍ യുവതി പലതവണ ശ്രമിച്ചിട്ടും വ്യക്തിത്വം വെളിപ്പെടുത്തിയില്ല. പിന്നാലെ വീഡിയോ കോളും വരാന്‍ തുടങ്ങി. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തു. എല്ലാം കൊണ്ടും യുവതി മാനസികമായി തകര്‍ന്നതോടെയാണ് ഡിസംബര്‍ 16ന് പൊലീസിനെ സമീപിച്ചത്. യുവതി പൊലീസിന് മുന്നില്‍ മൊഴി കൊടുത്ത സമയത്തടക്കം ഇയാള്‍ ചൈല്‍ഡ് പോണ്‍ വീഡിയോയും സന്ദേശവും അയച്ചു. പോക്സോ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരവും ഐപിസി മറ്റ് വകുപ്പുകള്‍ പ്രകാരവും അഡുഗോഡി പൊലീസ് കേസെടുത്തു.
പ്രതിയെ പിടികൂടാനാണ് നമ്പര്‍ ബ്ലോക്ക് ചെയ്യാതിരുന്നതെന്നും ഈ നമ്പര്‍ സ്വിച്ച് ഓഫാണെന്നും മറ്റെന്തോ മാര്‍ഗമുപയോഗിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയക്കുന്നതെന്നും പൊലീസ് പറഞ്ഞു. പരാതി നല്‍കിയതിന് ശേഷവും യുവതിക്ക് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്ന് പൊലീസ് വ്യക്തമാക്കി.