കരിപൂർ: നാല് വർഷത്തെ ഇടവേളക്ക് ശേഷം അബൂദബിയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയർവേസ് പുനരാരംഭിച്ചു. ഇന്നലെ അബുദാബിയിൽനിന്ന്, പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ന് 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 7.55ന് കരിപ്പൂരിലെത്തി. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു.
നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. ബാക്കി ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. 2020 മാർച്ചിലായിരുന്നു സർവീസ് നിർത്തിയിരുന്നത്.
സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് എയർപോർട്ട് മാനേജർ സി.കെ.ഹേമന്ദ്, എമിഗ്രേഷൻ,കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ സല്യൂട്ട് സ്വീകരണത്തിന് അഗ്നിരക്ഷാസേന അസിസ്റ്റന്റ് മാനേജർ വി.കെ.സുനിൽ നേതൃത്വം നൽകി
ആദ്യ വിമാനത്തിലെത്തിയ യാത്രികര്‍ക്ക് വിമാനത്താവളത്തില്‍ മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് മുഖ്യാതിഥിയായി.