രാത്രി ഒരു മണിക്ക് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായതിനെ തുടര്‍ന്നാണ് രക്ഷകരായി കേരള പൊലീസ് എത്തിയത്.
വന്യമൃഗങ്ങള്‍ വരുമെന്ന് കരുതി ആരും നിര്‍ത്താതെ പോയപ്പോള്‍ ആയിരുന്നു പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് ഇവരെ കണ്ടത്. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ;
സമയം രാത്രി ഒരു മണി. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാത. കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായി.
ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ അര്‍ദ്ധരാത്രി കുടുങ്ങിയ കുടുംബം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അതുവഴി കടന്നുപോയ പലരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വന്യമൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയില്ല.
ഭയന്നുവിറച്ച് എന്തു ചെയ്യണമെന്നറിയാതെ അവര്‍ കാറില്‍ തന്നെ കഴിച്ചുകൂട്ടുമ്പോഴാണ് ദൂരെ പ്രതീക്ഷയുടെ ബീക്കണ്‍ ലൈറ്റ് തെളിഞ്ഞത്. പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസിന്റെ വാഹനമായിരുന്നു അത്. വിവരം തിരക്കിയ പോലീസ് സംഘത്തോട് വാഹനം കേടായെന്നും സഹായം അഭ്യര്‍ത്ഥിച്ചവര്‍ വന്യമൃഗങ്ങളെ പേടിച്ച് വാഹനം നിര്‍ത്താതെ പോവുകയാണുണ്ടായതെന്നും പറഞ്ഞു. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. പോലീസ് വാഹനത്തിന്റെ ലൈറ്റുകള്‍ തെളിച്ച് വന്യമൃഗങ്ങള്‍ വരുന്നുണ്ടോയെന്ന് പോലീസുദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിരീക്ഷിച്ചുകൊണ്ടിരുന്നു. തലശ്ശേരി സ്വദേശികളായ കുടുംബത്തെ ഒടുവില്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് കടത്തിവിടുകയും ചെയ്തു.
ഊട്ടിയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവും കാനന പാതയില്‍ കുടുങ്ങിയത്. കാനന പാതയില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബമാണ് ബത്തേരി ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് വിവരം പുറത്തുവിട്ടത്. എസ്.ഐ പി.ആര്. വിജയന്, എസ്.സി.പി.ഒ ഡ്രൈവര്‍ സുരേഷ് കുമാര്‍, സി.പി.ഒ നിജോ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.