Sunday, August 31

അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ ചൂഷണത്തിന് ഇരയാവുന്നു ; ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്ന് വനിതാ കമ്മിഷന്‍

കണ്ണൂര്‍ : അവകാശങ്ങളെ കുറിച്ചും ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുകയും അതിക്രമങ്ങളെ നേരിടാന്‍ ആര്‍ജവമുള്ളവരാക്കി സ്ത്രീകളെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

പലപ്പോഴും അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ സ്ത്രീകള്‍ വലിയ തോതിലുള്ള ചൂഷണത്തിന് ഇരയാവുന്നതായി കാണാം. അതിനാല്‍ കേരളത്തിലെ സ്ത്രീ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ വനിതാ കമ്മിഷന്‍ നടത്തിവരികയാണ്. ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിലേക്ക് വരെ എത്തുന്ന കാര്യങ്ങളാണ് കമ്മിഷനില്‍ എത്തുന്ന പരാതികളില്‍ ഏറെയും. മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും, ഒരു പ്രശ്നം ഉണ്ടായാല്‍ അത് എങ്ങനെ പരിഹരിക്കണം എന്നുള്ളതിനെ സംബന്ധിച്ചും നമ്മുടെ സമൂഹം സ്വയം പ്രാപ്തരാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

നിരന്തര ബോധവല്‍ക്കരണ പരിപാടികളിലൂടെ കേരളീയ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് കരുതുന്നു. ലഹരി ഉപയോഗം മൂലമുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളും ഗാര്‍ഹിക പീഡന പരാതികളും വര്‍ധിച്ചു വരികയാണ്. വിവിധങ്ങളായ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും അതുവഴി സമൂഹത്തില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും കൂടിവരുകയാണ്. ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ വളരെ മോശമായ നിലയിലേക്കാണ് എത്തിക്കുന്നത്. ലഹരി ഉപയോഗം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ത്രിതല പഞ്ചായത്ത് തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതിലൂടെ വനിതാ കമ്മിഷന്‍ ശ്രമിച്ചു വരുകയാണ്. വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ പോലീസിനോടും മറ്റ് വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. രണ്ട് പരാതി ജാഗ്രതാ സമിതിയുടെ പരിഗണക്കായി മാറ്റി. 38 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ആകെ 53 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. രണ്ട് പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി. പാനല്‍ അഭിഭാഷകരായ അഡ്വ. കെ.പി. ഷിമ്മി, അഡ്വ. പ്രമീള, കൗണ്‍സിലര്‍ പി. മാനസ ബാബു, വനിത സെല്‍ എഎസ്ഐ ടി.വി. പ്രിയ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!