കോഴിക്കോട്: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് പണം നല്‍കി മോചിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യ സ്‌നേഹികള്‍ തുടരുന്നു. ദയാ ധന സമാഹരണം 30 കോടി രൂപ കടന്നു. 34 കോടി രൂപയാണ് ദയാധനം നല്‍കേണ്ടത്. ചൊവ്വാഴ്ചയാണ് ഇതിനുള്ള അവസാന തീയതി. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപിന്റെ പ്രവര്‍ത്തനം വൈകീട്ട് 4.30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഓഡിറ്റിങ്ങിനു ശേഷം അക്കൗണ്ട് വീണ്ടും തുറക്കും. അപ്പോള്‍ പണം നിക്ഷേപിക്കാന്‍ സാധിക്കും. ഇവിടെ പിരിച്ചെടുത്ത പണം സൗദിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അബ്ദുല്‍ റഹീം 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.
2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഏപ്രില്‍ 16നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ.