മൂന്നിയൂര്‍ : സൗദിയിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കുന്നതിന് പതിനേഴ് വര്‍ഷത്തോളം നിയമപരമായും മറ്റും ഒറ്റയാള്‍ പോരാട്ടം നടത്തി നേതൃപരമായ പങ്ക് വഹിച്ച സൗദി കെ.എം സി.സി നാഷണല്‍ കമ്മറ്റി സെക്രട്ടറി അഷ്‌റഫ് വെങ്ങാടിന് എട്ട് വയസ്സുകാരി സ്വയം വരച്ച ചിത്രം നല്‍കി ആദരിച്ചത് കൗതുകമായി. മൂന്നിയൂര്‍ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശികളായ മാസിഫ് -ഹനാന്‍ ദമ്പദികളുടെ മകളും ചെന്നൈയിലെ സ്‌കൂളില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ഇനാര മാസിഫാണ് താന്‍ വരച്ച ചിത്രം അഷ്‌റഫിന് നേരിട്ട് കൈമാറിയത്.
റഹീമിനെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വീട്ടിലെ ചര്‍ച്ചകളുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്ന ഇനാര തന്റെ കൊച്ചു സമ്പാദ്യവും റഹീം ജീവന്‍ സഹായ ഫണ്ടിലേക്ക് നല്‍കിയിരുന്നു. പ്രവാസി ലിഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂരിന്റെ പൗത്രിയാണ് ഇനാര.
പടിക്കല്‍ നടന്ന ചടങ്ങില്‍ ഹനീഫ മൂന്നിയുര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി, മമ്മു ഹാജി, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, പി.എം ബാവ, ഹനീഫ അച്ചാട്ടില്‍, എംസൈതലവി, സിദ്ധിഖ് ചോനാരി, ജാഫര്‍ ചേളാരി തുടങ്ങിയവര്‍ സംബന്ധിച്ചു.