എന്താണ് ട്രാൻസ്‌ഫോർമർ സ്വാപ്പിങ്, എന്തിന് സ്വാപ്പിങ് ചെയ്യുന്നു

100kVA, 160kVA, 250kVA എന്നീ പവർ റേറ്റിംഗ് കൾ ആണ് സാധാരണയായി നാം റോഡ് സൈഡ് കളിൽ കണ്ടു വരുന്ന വിതരണ ട്രാൻസ്‌ഫോർമറുകൾക്കുള്ളത്. kVA rating എന്നത് സൂചിപ്പിക്കുന്നത് ട്രാൻസ്‌ഫോർമറിന്റെ പവർ ആണ്. ഇത് സൂചിപ്പിക്കുന്നത് അതിന്റെ ലോഡിങ് കപ്പാസിറ്റി ആണ്, അല്ലാതെ കൂടുതൽ റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കൂടുതൽ വോൾടേജ് നൽകുന്നു എന്ന് സാങ്കേതികമായി അതിന് അർത്ഥമില്ല. അതായത് ഒരു 100kVA യുടെ വിതരണ ട്രാൻസ്‌ഫോർമറിന്റെ ഒരു ഫേസിൽ നിന്നും എടുക്കാവുന്ന അനുവദനീയവും സുരക്ഷിതവും ആയ ലോഡ് 133 ആമ്പിയർ ആണ്. 160 kVA ക്കാവട്ടെ അത് 213അമ്പിയറും, 250kVA ക്ക് 333 ആമ്പിയറും ആണ്. ഏത് ട്രാൻസ്‌ഫോർമർ ആയാലും വോൾടേജ് മാറുന്നില്ല. 11kV ലൈനിൽ വോൾടേജ് കുറയുന്നതിനു വിതരണ ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കാരണമാകുന്നില്ല.

എന്നാൽ എൽ ടി ലൈനുകളിലെ ലോഡ് കൂടുമ്പോൾ ലൈനിന്റെ നീളത്തിന് അനുസരിച്ച് LT വോൾടേജിൽ കുറവ് അനുഭവപ്പെടും. LT സൈഡിൽ ലോഡ് കൂടുമ്പോൾ സ്വാഭാവികമായും HT സൈഡ് അഥവാ 11kV സൈഡിലെ കറന്റ്‌ (ലോഡ് ) കൂടും. അത് മൂലവും വോൾടേജിൽ കുറവ് സംഭവിക്കാം. അതാണ് ലോഡ് കൂടുതൽ വരുന്ന വൈകുന്നേരത്തും വേനൽ കാലങ്ങളിൽ രാത്രിയിലും വോൾടേജ് കുറയുന്നതിന്റെ ഒരു കാരണം.

കൂടാതെ 110kV സബ്‌സ്റ്റേഷനുകളിൽ പ്രസരണ ഗ്രിഡുമായി ബന്ധപ്പെട്ട ചില സാങ്കേതികമായ കാരണങ്ങളാൽ ചില സമയങ്ങളിൽ 110kV വോൾടേജിനു പകരം 95kV മുതൽ 106kV വരെ വോൾടേജ് കുറവായും വരാറുണ്ട്. ഇത് മൊത്തത്തിൽ വരുന്ന വോൾടേജ് കുറവാണ്. അതനുസരിച്ചു 11kV വോൾടേജും, LT സൈഡിലെ വോൾടേജും കുറയാറുണ്ട്.

ഒരു 160kVA വിതരണ ട്രാൻസ്‌ഫോർമറിൽ നിന്ന് എടുക്കാവുന്ന പരമാവധി ഒരു ഫേസിലെ ലോഡ് 213 ആമ്പിയർ ആണ് എന്ന് പറഞ്ഞല്ലോ. ഈ ഫേസിൽ കണക്ട് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ എടുക്കുന്ന ആകെ ലോഡ് 213ൽ നിന്ന് കൂടി തുടങ്ങുമ്പോൾ ട്രാൻസ്‌ഫോർമർ അപകടാവസ്ഥ യിലേക്ക് നീങ്ങുന്നു എന്നാണ് പറയുക. യഥാർത്ഥത്തിൽ ഇതിന്റെ 80% ആകുമ്പോൾ തന്നെ ട്രാൻസ്‌ഫോർമർ കപ്പാസിറ്റി കൂട്ടണം എന്നാണ് വ്യവസ്ഥ. പക്ഷെ പലപ്പോഴും ഡെപ്പോസിറ്റ് , ക്യാപിറ്റൽ വർക്കുകൾ എന്നിവയ്ക്ക് ട്രാൻസ്‌ഫോർമറുകൾ ഉപയോഗിച്ച് കഴിയുമ്പോൾ ഉയർന്ന റേറ്റിംഗ് ഉള്ളവയ്ക്ക് ക്ഷാമം വരുന്നത് കൊണ്ട് നിലവിലുള്ള ട്രാൻസ്‌ഫോർമറുകൾ പരമാവധി ലോഡ് ചെയ്തു വരാറുണ്ട്.


എന്നാൽ ലോഡ് വീണ്ടും അനിയന്ത്രിതമായി കൂടുമ്പോൾ ട്രാൻസ്‌ഫോർമർ കേടായി പോകുന്നു. ലോഡ് നിരീക്ഷിച്ചു കൊണ്ട് ഇങ്ങനെ കേടായി പോകുന്നതിനു മുൻപ് തന്നെ ട്രാൻസ്‌ഫോർമർ ഉയർന്ന ശേഷി ഉള്ള 250kVA ട്രാൻസ്‌ഫോർമർ വച്ച് മാറ്റേണ്ടതുണ്ട്. നിലവിൽ സർവീസിൽ ഉള്ള 250kVA ട്രാൻസ്‌ഫോർമറുമായി ഓവർ ലോഡ് ഉള്ള ഈ 160 kVA ട്രാൻസ്‌ഫോമർ പരസ്പരം മാറ്റി വയ്ക്കുന്നതിനെയാണ് Distribution Transformer Swapping എന്ന് പറയുന്നത്. അത് ചെയ്തില്ലെങ്കിൽ ഈ 160kVA ട്രാൻസ്‌ഫോർമർ കത്തി പോവുകയും പുതിയ ഉയർന്ന റേറ്റിംഗ് ഉള്ള ട്രാൻസ്‌ഫോർമർ കണ്ടെത്തി മാറ്റി സ്ഥാപിക്കുമ്പോൾ ആ പ്രദേശത്തെ വൈദ്യുതി വിതരണം കൂടുതൽ സമയത്തേക്കു തടസ്സപ്പെടുകയും ചെയ്യുന്നു .

ഇത് പോലെ തന്നെയാണ് ഓവർ ലോഡ് ആയ ഒരു 100kVA ട്രാൻസ്‌ഫോമർ ലോഡ് കുറഞ്ഞ 160kVA ട്രാൻസ്‌ഫോർമറുമായി മാറ്റം ചെയ്യുന്നതും (സ്വാപ്പിങ് ) അത് കൊണ്ടു തന്നെ ലോഡ് കൂടുതൽ ഉള്ള താഴ്ന്ന റേറ്റിംഗ് (kVA) ഉള്ള ട്രാൻസ്‌ഫോർമറുകൾ ലോഡ് കൂടി വരുന്നത് അനുസരിച്ച് ലോഡ് കുറവുള്ള ഉയർന്ന റേറ്റിംഗ് (kVA) ഉള്ള ട്രാൻസ്‌ഫോർമറുമായി പരസ്പരം മാറ്റി വയ്ക്കുക എന്നതാണ് നിലവിൽ KSEB യിൽ പിന്തുടരുന്ന രീതി. ഇതിനെ ആണ് DTR Swapping അഥവാ ട്രാൻസ്‌ഫോർമർ സ്വാപ്പിങ് എന്ന് പറയുന്നത്.

ഫലത്തിൽ ഇത്തരത്തിൽ ഉള്ള ട്രാൻസ്‌ഫോർമർ സ്വാപ്പിങ് താരിഫ് വർധനവിന്റെ തോതു കുറയ്ക്കുന്നതാണ്. അതായത് പുതിയ ട്രാൻസ്‌ഫോർമർ വാങ്ങി വച്ച് ദുർവ്യയം ഉണ്ടാക്കി ക്യാപിറ്റൽ ചിലവ് വർദ്ധി പ്പിച്ചു പൊതു ജനങ്ങൾക്ക്‌ മൊത്തം ഭാരമാകുന്ന താരിഫ് വർദ്ധനവ് ഉണ്ടാകുന്നത് കൊണ്ട് വൈദ്യുതി യുടെ ഗുണ നിലവാരത്തെ ബാധിക്കാതെ തന്നെ ചെയ്യുന്ന സ്വാപ്പിങ് രീതി ഒരു ചെലവ് ചുരുക്കൽ പ്രവൃത്തി കൂടിയാണ്. ഈ വേനൽ കാലത്ത് വേനൽ മഴ ലഭിക്കാത്തത് മൂലം അടുത്ത കാലത്ത് ചൂട് വളരെയധികം കൂടുകയും AC യുടെയും മറ്റും ഉപയോഗം കൂടുകയും ചെയ്തതിനാൽ രാത്രി കാലങ്ങളിൽ മിക്ക ട്രാൻസ്‌ഫോർമറുകളും ശേഷിയിൽ കൂടുതൽ ലോഡ് എടുത്തിട്ടുണ്ട്. ലോഡ് കൂടിയത് കൊണ്ട് കേടായി പോയിട്ടും ഉണ്ട്.

ഇങ്ങനെ കേടായതോ ലോഡ് കൂടി കേടാവാൻ സാധ്യത ഉള്ളതോ ആയ 90 ഓളം 100kVA, 160kVA ട്രാൻസ്‌ഫോർമറുകൾ ആണ് തിരൂർ ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ സ്വാപ്പിങ് ചെയ്തു പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. ഇതിൽ ഡെപോസിറ്റ് വ്യവസ്ഥയിൽ പണം അടച്ച് ട്രാൻസ്‌ഫോമർ വച്ചവരുടെ ട്രാൻസ്‌ഫോർമറുകൾ പോലും ഉൾപ്പെടും. വേനൽ ചൂടിന് ശമനം ഉണ്ടായില്ലെങ്കിൽ, ലോഡ് ഇനിയും കൂടുകയാണെങ്കിൽ അടിയന്തിര പരിഹാരമായി തുടർന്നും ഇതേ ട്രാൻസ്‌ഫോർമർ സ്വാപ്പിങ് രീതി തന്നെ തുടരേണ്ടി വരും.

ലോഡ് കുറഞ്ഞ പ്രദേശത്തു ശേഷി (kVA)കൂടിയ ട്രാൻസ്‌ഫോർമർ ഇരിക്കുകയും അതെ സമയം ലോഡ് വളരെ കൂടിയ പ്രദേശത്തു ശേഷി (kVA)കുറഞ്ഞ ട്രാൻസ്‌ഫോർമർ നില നിർത്തുകയും ചെയ്യുന്നത് നീതിയുക്തമല്ല; നിയമപരമായി ന്യായീകരിക്കാൻ പറ്റുന്നതും അല്ല. ഈ പുന ക്രമീകരണം KSEBL ന്റെ ഉത്തരവാദിത്തമാണ്.

ഉപഭോക്താവിന് മെച്ചപ്പെട്ട വോൾടേജ് കിട്ടുന്നതിൽ ട്രാൻസ്‌ഫോർമർ ശേഷി ഒരു ഘടകമല്ല എന്നിരിക്കെ കുറഞ്ഞ ലോഡ് നിലവിലുള്ള ഒരു പ്രദേശത്ത് ഉയർന്ന ശേഷി യുള്ള ട്രാൻസ്‌ഫോർമർ നില നിർത്തണം എന്ന് വാദിക്കുന്നത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല.

സാങ്കേതികമായും അത് നീതീകരിക്കാൻ കഴിയില്ല എന്നിരിക്കെ പ്രതിസന്ധി കാലത്ത് സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ച് അത് ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം ജന പ്രതിനിധികൾ ഉൾപ്പെടെ ചിലർ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധത്തിൽ പ്രതികരിക്കുന്നത് പ്രതിഷേധാർഹമാണ്.

error: Content is protected !!