കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവില്‍ കുളിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടലുണ്ടി പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച അഞ്ച് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മേയ് പത്തിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
കുട്ടി പുഴയിലിറങ്ങിയ അതേ ദിവസങ്ങളില്‍ പുഴയില്‍ കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നുണ്ട്. പാറക്കല്‍ കടവില്‍ കുളിച്ചവര്‍ക്ക് ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ച് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സാഹചര്യത്തില്‍ മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ അഞ്ചു കടവുകളില്‍ ഇറങ്ങുന്നതിന് പഞ്ചായത്ത് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘