എ.ടി.എം കൗണ്ടറുകളിലെ വീഴ്ചകള്‍ക്ക് ഉത്തരവാദിത്വം ബാങ്കിന് തന്നെ, എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃകമ്മീഷന്‍

പെരിന്തല്‍മണ്ണ : എ.ടി.എം കൗണ്ടറിന്റെ ഉടമസ്ഥതയും നിയന്ത്രണവും ബാങ്കിനാണെന്നിരിക്കേ ക്രമക്കേടുകള്‍ കണ്ടെത്തി പരിഹരിക്കേണ്ട ബാധ്യത ബാങ്കിനു തന്നെയാണെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. പരാതിക്കാരന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവായി 5000 രൂപയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി സ്വദേശി ഉസ്മാന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്ന് 1000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച പരാതിക്കാരന് പണം കിട്ടിയില്ല. തുടര്‍ന്ന് മറ്റൊരു കൗണ്ടറില്‍ നിന്ന് 1000 രൂപ പിന്‍വലിച്ചു. എന്നാല്‍ ഇതോടൊപ്പം 10000 രൂപകൂടി പിന്‍വലിച്ചതായി മെസേജ് വന്നു. പരാതിയുമായി എച്ച്.ഡി.എഫ്.സി ബാങ്കിനെ സമീപിച്ചെങ്കിലും എ.ടി.എം രേഖയനുസരിച്ച് പിന്‍വലിച്ചതായി കാണുന്നതിനാല്‍ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു വിശദീകരണം. ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

പരാതിക്കാരന് എ.ടി.എം കാര്‍ഡ് നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അവര്‍ക്കെതിരെയാണ് പരാതി നല്‍കേണ്ടത് എന്നുമായിരുന്നു ബാങ്കിന്റെ വാദം. പരാതിക്കാരന് പിന്നാലെ എ.ടി.എം കൗണ്ടറിലെത്തിയ കേരള ഗ്രാമിണ്‍ ബാങ്കില്‍ അക്കൗണ്ടുള്ള മറ്റൊരാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് വാദിച്ച ബാങ്ക് അധികൃതര്‍ ഇതിന് തെളിവായി സി.സി ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കുകയും ചെയ്തു. ദേശീയ പെയ്മെന്റ് കമ്മീഷന്റെ ക്രമീകരണമനുസരിച്ച് ഏത് ബാങ്ക് നല്‍കിയ കാര്‍ഡാണെങ്കിലും എല്ലാ കൗണ്ടറുകളിലും ഉപയോഗിക്കാം. എ.ടി.എം കാര്‍ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് എന്നതുകൊണ്ട് എ.ഡി.എഫ്.സി ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു. എ.ടി.എം കൗണ്ടറില്‍ നിന്ന് മറ്റൊരാള്‍ പണം അനധികൃതമായി കൈപ്പറ്റിയെന്ന് പറയുമ്പോഴും അത് തിരിച്ചുപിടിക്കാന്‍ ബാങ്ക് യാതൊരു നടപടിയും എടുത്തതായി കാണുന്നില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പൊലീസില്‍ പരാതി നല്‍കിയതുമില്ല. ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കുന്നതില്‍ ബാങ്ക് യാതൊരു നടപടിയും എടുത്തില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് നഷ്ടപ്പെട്ട 10000 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവായി 5000 രൂപയും കമ്മീഷന്‍ വിധിച്ചത്.

error: Content is protected !!