കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. സമാന വിഷയത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസില്‍ അഡ്വ. പി.കുമാരന്‍ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2016 നവംബര്‍ 19 ന് പുലര്‍ച്ചെയാണു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്‍.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4 അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരെരെല്ലാം ആര്‍.എസ്.എസ് – ബിജെപി പ്രവര്‍ത്തകരാണ്.
2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.05 ഓടെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് ഫൈസല്‍ ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഗള്‍ഫില്‍ വെച്ചാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. നാട്ടില്‍ വന്നശേഷം ഭാര്യയും മൂന്ന് മക്കളും മതം മാറി. മറ്റു കുടുംബാംഗങ്ങളെ കൂടി മതം മാറ്റാനുള്ള സാധ്യതയെ തുടര്‍ന്ന കടുത്ത മതവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫൈസല്‍ വധത്തിന് ഞായറാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആലത്തിയൂര്‍ പൊയിലിശ്ശേരി ബിബിന്‍, ശ്രീജേഷ് എന്ന അപ്പു, സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു, പ്രജീഷ് എന്ന ബാബു എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ആര്‍.എസ്.എസ് തിരൂര്‍ സഹകാര്യവാഹക് മഠത്തില്‍ നാരായണന്‍ മൂസ്സത് (47), ഫൈസലി?ന്റെ സഹോദരി ഭര്‍ത്താവ് നന്നമ്പ്ര തട്ടത്തലം സ്വദേശി പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് (32), കൊടിഞ്ഞി ചുള്ളികുന്ന് സ്വദേശികളായ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50), വള്ളിക്കുന്ന് കോട്ടാശ്ശേരി ജയകുമാര്‍ (48), തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവര്‍ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനകളിലും മുഖ്യപ്രതികള്‍ക്ക് സഹായവും പ്രേരണയും നല്‍കുകയും ചെയ്തവരുമാണ്.
പൊതു ഉദ്ദേശ്യത്തോടുകൂടി മാരകമായി പരിക്കേല്‍പ്പിച്ച് കൊലപാതകം നടത്തല്‍, ഗൂഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍, കുറ്റപ്രേരണ, പ്രതികളെ സംരക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒക്ടോബര്‍ 29ന് തിരൂര്‍ പുളിഞ്ചോട് കൊല്ലപ്പെട്ട രണ്ടാംപ്രതി ബിബിനെ കുറ്റവിമുക്തനാക്കാനുള്ള അപേക്ഷയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 3000ത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 207 സാക്ഷികളും നൂറിലധികം തൊണ്ടിമുതലുകളും അത്രതന്നെ രേഖകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. കൊലപാതകം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം ഫൈസലിന്റെ മാതാപിതാക്കളും രണ്ട് സഹോദരിമാരും മൂത്ത സഹോദരിയുടെ ഭര്‍ത്താവും 2 സഹോദരിമാരുടെ മക്കളും മതം മാറുകയും ചെയ്തു.