പരപ്പനങ്ങാടി : നാട്ടുവഴികളിലൂടെ പ്രകൃതിയിലേക്ക് നടന്ന് ചെട്ടിപ്പടി ആനപ്പടി ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പരിസര പഠനത്തിന്റെ ഭാഗമായി സ്‌കൂളിലെ മൂന്ന്,നാല് ക്ലാസിലെ കുട്ടികള്‍ക്ക് സസ്യ ലോകത്തെ വൈവിധ്യം തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അധ്യാപകരോടൊപ്പം പ്രകൃതിയിലേക്ക് നടന്നത്.
നക്ഷത്ര വനങ്ങള്‍ പരിചയപ്പെടല്‍, കുളം, കാവ്,എന്നീ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് സ്‌കൂളിന്റെ സമീപ പ്രദേശത്തുള്ള പുത്തന്‍ തെരു ക്ഷേത്ര പരിസരം സന്ദര്‍ശിച്ചത്. 2020 ലെ സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് അബ്ദുള്‍ റസാഖ് എന്ന കുഞ്ഞോന്‍ കുട്ടികള്‍ക്കു പൂച്ചെടികളും മധുരവും നല്‍കി വരവേറ്റു. കുട്ടികള്‍ക്കു നക്ഷത്ര വനത്തെ കുറിച്ചും നാട്ടറിവുകളെക്കുറിച്ചും വിവരിച്ചു കൊടുത്തു. കുട്ടിക്കാലത്ത് തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിച്ചാല്‍ വരും കാലത്തെ പാരിസ്ഥിതിക വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരായ ടി.വിജിത, വി.കെ സുഫൈറ, സന്ധ്യ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി