തിരൂരങ്ങാടി : കാലവര്‍ഷം കലി തുള്ളിയപ്പോള്‍ വീണ്ടും ഭീതിയിലായി കുടുംബങ്ങള്‍. ജനകീയ കമ്മിറ്റി കുടുംബങ്ങളുടെ രക്ഷക്കായി നിര്‍മിച്ച താത്കാലിക സംരക്ഷണ ഭിത്തി തകര്‍ന്നു. തിരൂരങ്ങാടി വെള്ളിലക്കാടാണ് പുഴയോരം ഇടിഞ്ഞ് ഭീതിയിലായ കുടുംബങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. ഇതോടെ പ്രദേശത്തെ ദുരന്ത ഭീതി ശക്തമാകുകയാണ്. ശാശ്വതമായ പരിഹാരം എന്നുണ്ടാകും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
ഞായറാഴ്ചയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമധാനമായി കുടുംബങ്ങള്‍ക്ക് താത്കാലിക സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കിയത്. കരയിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ പുഴയിലേക്ക് തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കുകയും തിരൂരങ്ങാടിയിലെ മറ്റു സംഘടനകളെ ഉള്‍പ്പെടുത്തി കൊണ്ട് ദുരന്ത നിവാരണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിര്‍മ്മിച്ച ഭിത്തി തകര്‍ന്നതോടെ സര്‍ക്കാറിന്റെ പദ്ധതി നടപ്പിലാക്കി സ്ഥിരം സംവിധാനം തന്നെ എത്രയും പെട്ടെന്ന് നടപ്പിലാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.