ദില്ലി ; സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. നിയമനിര്‍മാണ പ്രക്രിയയില്‍ ഒരു തെറ്റായി രീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലിമെന്റ് ബിസിനസില്‍ ഇടാതെ പുലരാന്‍ നേരം മാത്രമാണ് പോര്‍ട്ടലില്‍ ഇട്ടത്. വഖഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഒരു നിയമ നിര്‍മാണമാണിതെന്നും എംപി വിമര്‍ശിച്ചു.
വഖഫ് ബോര്‍ഡ് നാമമാത്രമായി മാറുന്നു. ബോര്‍ഡ് സര്‍ക്കാറിന്റെ അടിമയായി മാറുന്നതായി ഈ നിയമത്തിലൂടെ പ്രകടമായി തന്നെ മനസ്സിലാക്കാനാവും. കോടികണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കയ്യേറ്റം ചെയ്യപ്പെട്ടു കിടക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ കയ്യേറ്റക്കാര്‍. അത്തരം ആളുകള്‍ക്ക് അവര്‍ കയ്യേറ്റം ചെയ്തു വെച്ചിരിക്കുന്ന ഭൂമി അവരുടെ സ്വന്തമാക്കി മാറ്റാന്‍ നിഷ്പ്രയാസം സാധിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിയമമാണ് ഇപ്പോള്‍ വന്നിട്ടുള്ളതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വഖഫ് നിയമത്തില്‍ ഒരു ഭേദഗതി വന്നിരിന്നു. അത് ജെ.പി.സി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. വളരെ ശ്രദ്ധേയമായവകുപ്പുകള്‍ അതില്‍ ഉണ്ടായിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ചെറിയ തുകക്ക് വഖഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കുവാന്‍ അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചു. എന്നാല്‍ ഈ നിയമം വരുന്നതോടെ അത് ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഇതിനോടകം സമാന ചിന്താഗതിക്കാരുമായി സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ട് എന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.