മലപ്പുറം : വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. മലപ്പുറോ കോഡൂര്‍ ഊരോത്തൊടിയില്‍ അബ്ദുറസാഖ് നല്‍കിയ പരാതിയില്‍ മാഗ്മാ എച്ച്.ഡി.ഐ പൂനാവാല ഫിന്‍കോര്‍പ്പ് കമ്പനിക്കെതിരയൊണ് വിധി.
അബ്ദുറസാഖ് സ്വന്തം മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് ഗുരുതരമായ പരുക്കേറ്റിരുന്നു. ചികില്‍സ തീര്‍ന്നപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് 75% ശാരീരിക അവശതയുള്ളതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. വാഹന ഉടമയെന്ന നിലയില്‍ അപകടത്തില്‍ മരണപ്പെടുകയോ 50% ത്തില്‍ അധികമായ ശാരീരിക അവശത ഉണ്ടാവുകയോ ചെയ്താല്‍ പതിനഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന പോളിസി വ്യവസ്ഥ പ്രകാരം ആനുകൂല്യത്തിനായി അപേക്ഷിച്ചെങ്കിലും തുക അനുവദിച്ചില്ല. മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതിയുമായി എത്തിയത്.
പരാതിക്കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 74% ശാരീരിക അവശതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പരാതിക്കാരന് ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും രേഖകള്‍ മതിയായതാണെന്നും വിധിച്ചു. യഥാസമയം ഇന്‍ഷുറന്‍സ് തുക നല്‍കാത്തതിനാല്‍ സേവനത്തില്‍ വീഴ്ചയുണ്ടെന്നും ഇന്‍ഷുറന്‍സ് തുകയായ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
ഒരു മാസത്തിനകം തുക നല്‍കാത്ത പക്ഷം ഹരജി ബോധിപ്പിച്ച തീയതി മുതല്‍ ഏഴു ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രിതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.