കരിപ്പൂരില്‍ സൗജന്യ സമയം ഇനി 11 മിനിറ്റ്; പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി, നാളെമുതല്‍ പുതിയ നിരക്ക്

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് എയര്‍പോര്‍ട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതല്‍ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതല്‍ പുറത്തു കടക്കുന്നതുവരെ വാഹനങ്ങള്‍ക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയര്‍ത്തി. ഇത് വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്തുപോകാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമാകും. എന്നാല്‍, പാര്‍ക്കിങ് നിരക്കില്‍ വര്‍ധനയുണ്ട്. മാത്രമല്ല, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്‌സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയര്‍ത്തി.

ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂര്‍ വരെയുള്ള പാര്‍ക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകള്‍ക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞാല്‍ 65 രൂപ (നേരത്തേ 55 രൂപ).

മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങള്‍ക്കു മുകളില്‍) 80 രൂപ. (എസ്‌യുവി, മിനി ബസ് തുടങ്ങിയവ നേരത്തേ 20 രൂപ നിരക്കില്‍ ഉള്‍പ്പെട്ടിരുന്നു) അര മണിക്കൂര്‍ കഴിഞ്ഞാല്‍ 130 രൂപ.

ടാക്‌സി വാഹനങ്ങള്‍ (അതോറിറ്റിയുടെ അംഗീകാരമുള്ളത്) 20 രൂപ. നേരത്തേ നിരക്ക് ഉണ്ടായിരുന്നില്ല.

അംഗീകാരമില്ലാത്ത വാഹനങ്ങള്‍ക്ക് 226 രൂപ. അര മണിക്കൂറിനു ശേഷം 276. പാര്‍ക്കിങ് ഇല്ലാതെ അകത്തു കയറി പുറത്തിറങ്ങിയാല്‍ 283 രൂപ.

ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും അര മണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയും.

പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കു പുറത്തു കടക്കാന്‍ സമയം നിശ്ചയിച്ചിട്ടുണ്ട്. രാജ്യാന്തര ടെര്‍മിനലിനു സമീപത്തും ടെര്‍മിനലിനു മുന്‍വശത്ത് താഴ്ന്ന ഭാഗത്തും ഉളള പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്നും പുറത്തു കടക്കാനുള്ള സമയപരിധി 9 മിനിറ്റ് ആണ്. ആഭ്യന്തര ടെര്‍മിനലിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്തെ കവാടത്തില്‍നിന്ന് പുറത്തുകടക്കാനുള്ള സമയം 7 മിനിറ്റും. നേരത്തേ ഇത്തരത്തില്‍ സമയ പരിധി ഉണ്ടായിരുന്നില്ല. പാര്‍ക്കിങ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയാല്‍ വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയുമാണ് ഉദ്ദേശ്യം.

വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ് ഏരിയകളില്‍ ഇനി ഓട്ടമേറ്റഡ് ബൂം ബാരിയറുകളും ഫാസ്റ്റ് ടാഗ് റീഡറും. പുതിയ സംവിധാനം യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യമാകും.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അംഗീകാരമുള്ള പ്രീ പെയ്ഡ് ടാക്‌സികള്‍ അല്ലാത്ത എല്ലാ ടാക്‌സി വാഹനങ്ങള്‍ക്കും പാര്‍ക്കിങ് നിരക്കില്‍ വന്‍ വര്‍ധന. സൗജന്യ സമയം ബാധകമല്ലാത്തതിനാല്‍ വിമാനത്താവളത്തിലേക്കുള്ള കവാടം കടന്ന് അകത്തു കയറിയാല്‍ നേരത്തേ 40 രൂപ നല്‍കേണ്ടതിനു പകരം കുറഞ്ഞത് 226 രൂപ ചെലവാകും.

പാര്‍ക്കിങ് നിരക്ക് 30 മിനിറ്റ് വരെ 226 രൂപയും അര മണിക്കൂറിനു ശേഷം 2 മണിക്കൂര്‍ വരെ 276 രൂപയുമാണ്. പാര്‍ക്കിങ് സ്ഥലത്തുനിന്ന് നിശ്ചിത സമയത്തിനകം പുറത്തു കടന്നില്ലെങ്കില്‍ വീണ്ടും അര മണിക്കൂര്‍ സമയത്തേക്കുള്ള 226 രൂപ നല്‍കണം.

ഇനി പാര്‍ക്കിങ് ഏരിയയില്‍ പോകാതെ യാത്രക്കാരനെ ടെര്‍മിനലിനു മുന്‍പില്‍ ഇറക്കുകയോ കയറ്റുകയോ ചെയ്ത് പുറത്തേക്കു പോയാല്‍ 283 രൂപയാണു നല്‍കേണ്ടത്.

വന്‍തുക എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയാണ് അംഗീകൃത പ്രീ പെയ്ഡ് ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. പുറത്തുനിന്ന് മറ്റു ടാക്‌സി വാഹനങ്ങള്‍ എത്തുന്നത് നേരത്തേ തര്‍ക്കത്തിനിടയാക്കിയിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാനാണു പുതിയ നിരക്ക് എന്നാണു പറയുന്നത്. എന്നാല്‍, ഇതു സാധാരണക്കാരെ ബാധിച്ചേക്കും. അല്ലെങ്കില്‍ കവാടത്തില്‍ ടാക്‌സി വാഹനമിറങ്ങി ടെര്‍മിനലിലേക്കു നടന്നുപോകേണ്ടിവരും.

error: Content is protected !!