തിരൂരങ്ങാടി : താനൂര്‍ കസ്റ്റഡി മരണ കേസില്‍ കേസ് ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേധനം നല്‍കി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായി അഡ്വ ജെയിസിംഗ് കുളപ്പുറം. കേസുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎസ് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വിട്ട പശ്ചാലത്തിലാണ് ജെയ്‌സിംഗ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
താനൂര്‍ കസ്റ്റഡി മരണ കേസില്‍ ജയിലില്‍ പോകേണ്ടി വരുമോ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ സുജിത് ദാസിന്റെ ഭയത്തിന് പിന്നിലെ ദുരൂഹതയില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുത്ത് താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച താമിര്‍ജിഫ്രി എന്നയാള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് 2023 ഓഗസ്റ്റ് 1ാം തീയതി മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിച്ച് വരുകയാണ്. താനൂര്‍ കസ്റ്റഡി മരണത്തില്‍ ചില ദുരൂഹതകള്‍ സൂചനയില്‍ പരാമര്‍ശിച്ചിട്ടുള്ള ഫോണ്‍ സംഭാഷണത്തിലൂടെ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത് അതീവ ഗുരുതര സംഗതികളുമാണ്. താനൂര്‍ കസ്റ്റഡി മരണത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ ടീമിലെ നാല് സിവില്‍ പോലീസുകാരെ സിബിഐ സംഘം ഈ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് അറസ്റ്റ് ഉണ്ടായതെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
മരണപ്പെട്ടയാളുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുറിച്ച ഡോക്ടര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുവാന്‍ ഗൂഢാലോചന നടത്തിയത് എസ്പി സുജിത്ദാസ് ആയിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിക്കുവാന്‍ നിര്‍ദ്ദേശിച്ചയാള്‍ ഇതുവരെ രക്ഷപ്പെട്ട് മറഞ്ഞ് ഇരുന്നതാണ് ഒടുവില്‍ ഇപ്പോള്‍ സൂചനയില്‍ പരാമര്‍ശിച്ചിട്ടുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന സംശയം ബലപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ നിഷ്പക്ഷ അന്വേഷണം അടിയന്തിരമായി അനിവാര്യമാണെന്നും ജെയ്‌സിംഗ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഐപിഎസ് ഉദ്യോഗസ്ഥരാണ് സിബിഐയെയും നിയന്ത്രിക്കുന്നതെന്നതിനാല്‍ സുജിത് ദാസിന് എതിരെ വിരല്‍ ചൂണ്ടുന്ന ഇപ്പോള്‍ ഉയര്‍ന്ന ബലപ്പെട്ട ദുരൂഹതകള്‍ കണക്കിലെടുത്ത് താനൂര്‍ കസ്റ്റഡി മരണം ജുഡീഷ്യല്‍ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ കൂടി അന്വേഷണം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.