മലപ്പുറം : വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ ഔക്ടോബര്‍ മുതല്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ (സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍) ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ 15 ഹയര്‍സെക്കന്ററി സ്കൂളുകളും രണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ പൈലറ്റ് പ്രൊജക്ടായ നൈപുണി വികസന കേന്ദ്രം അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 കേന്ദ്രങ്ങളിലാണ് അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുന്നത്.
ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ ഓരോ ബാച്ചുകൾ (25 കുട്ടികൾ) വീതം ആണ് ഉണ്ടാവുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപയാണ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയിലുൾപ്പെടുത്തി വിനിയോഗിക്കുന്നത്. എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്കോള്‍ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ബിരുദ പഠനം നടത്തുന്നവര്‍, ഹയർസെക്കണ്ടന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് തൊഴില്‍ നൈപുണി കേന്ദ്രങ്ങളില്‍ അപേക്ഷ സമർപ്പിക്കാം.
മങ്കട ജി.വി.എച്ച്.എസ്.എസ്, പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.വി.എച്ച്.എസ്.എസ്, ചെട്ടിയാംകിണര്‍ ജി.വി.എച്ച്.എസ്.എസ്, ബി.പി അങ്ങാടി ഗേള്‍സ് ജി.വി.എച്ച്.എസ്.എസ്, പുറത്തൂര്‍ ജി.എച്ച്.എസ്.എസ്, പറവണ്ണ ജി.വി.എച്ച്.എസ്.എസ്, കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, തവനൂര്‍ കെ.എം.പി.ബി.ജി.വി.എച്ച്.എസ്.എസ്, മഞ്ചേരി ജി.ജി.വി.എച്ച്.എസ്.എസ് ആന്റ് ടി.എച്ച്.എസ്, പെരിന്തല്‍മണ്ണ ജി.വി.എച്ച്.എസ്.എസ്, നിലമ്പൂര്‍ ജി.വി.എച്ച്.എസ്.എസ്, വണ്ടൂര്‍ ഗേള്‍സ് ജി.വി.എച്ച്.എസ്.എസ്, കീഴുപറമ്പ ജി.വി.എച്ച്.എസ്.എസ്, തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തൃക്കാവ് ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴില്‍ നൈപുണി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജില്ലാതലകമ്മിറ്റി യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ നസീബ അസീസ്, ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ട്‌ടർ ഡോ: പി.എം അനിൽ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ്, നൈപുണി കേന്ദ്രം സോണൽ കോ-ഓർഡിനേറ്റർ ദിലിൻ സത്യനാഥ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പ്രവീൺ പി പളളത്ത്, ജില്ലാ വികസന കമ്മീഷണർ പ്രതിനിധി ബി. കിരൺ, വിവിധ നൈപുണി കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽമാർ തുടങ്ങിയവര്‍ പങ്കെടുത്തു.