Saturday, August 23

പിവി അന്‍വറിന്റെ വെളിപ്പെടുത്തല്‍ : ആത്മാഭിമാനം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി പദവി രാജിവെക്കണം ; പിഎംഎ സലാം

മലപ്പുറം : ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ആത്മാഭിമാനം എന്നത് കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അത്യന്തം ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് പിഎംഎ സലാം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് മുതല്‍ ആഭ്യന്തര വകുപ്പിന്റെ ആര്‍.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അന്‍വറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വര്‍ണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്ന, കേസുകള്‍ പെരുക്കി മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാന്‍ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആര്‍.എസ്.എസ്സിന്റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നല്‍കുകയും പ്രക്ഷോഭങ്ങള്‍ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളില്‍ ഒരാള്‍ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അല്‍പമെങ്കിലും നാണവും മാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലര്‍ത്താന്‍ ഒരിക്കല്‍പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സലാം വിമര്‍ശിച്ചു.

error: Content is protected !!