കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം.
പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. വിധിയില്‍ സന്തോഷമില്ല ആശ്വാസമാണ്. പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുവരെ അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. എഡിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്ന പ്രയോഗങ്ങളാണ് ഭീഷണിയുടെ സ്വരത്തില്‍ ദിവ്യ പറഞ്ഞവസാനിപ്പിച്ചത്. കളക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എഡിഎമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നായിരുന്നു സ്റ്റാഫിന്റെ മൊഴി. ദിവ്യയുടെ പ്രവര്‍ത്തികളാണ് മരണത്തിലേക്ക് എഡിഎമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തല്‍.
കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണ റിപ്പോര്‍ട്ട്.
യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ പരസ്യവിചാരണ. പി.പി.ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബര്‍ 14ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിര!ഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.