ചേലക്കര : തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മറികടന്ന് പി.വി.അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. ചട്ടലംഘനമാണെന്നു പറയാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയച്ചു. ചട്ടം കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാന്‍ നില്‍ക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല മരുമോനായിരുന്നില്ലേ ചുമതല കോളനികളില്‍ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നല്‍കുന്നു. കവറില്‍ പണം കൂടി വെച്ചാണ് കോളനികളില്‍ സ്ലിപ് നല്‍കുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എല്‍ഡിഎഫെന്നും അന്‍വര്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി.
ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചത്. ഈ മണ്ഡലത്തില്‍ ആരും ജയിക്കില്ല. തങ്ങള്‍ കോടതിയില്‍ പോകും. ബൂത്ത് തിരിച്ച് ഓരോ പാര്‍ട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ”തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോടു പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയില്‍നിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവന്‍ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളില്‍ വിതരണം ചെയ്യുന്നത്” അന്‍വര്‍ ആരോപിച്ചു.
നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചേലക്കരയിലെ ഹോട്ടലിലാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.