കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം. 1991 മുതല്‍ 1995 വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. 1987ലും 1991ലും കൊയിലാണ്ടിയില്‍നിന്നുള്ള എംഎല്‍എയുമായിരുന്നു. സംസ്‌ക്കാരം നാളെ കോഴിക്കോട് നടക്കും.
ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു എംടി പത്മയുടെ പൊതുപ്രവര്‍ത്തന തട്ടകം. ലോ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സേവാദള്‍ ഫാമിലി വെല്‍ഫയര്‍ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982 ല്‍ കെ. കരുണാകരനറെ നിര്‍ദേശപ്രകാരം നാദാപുരത്തു മത്സരിച്ചെങ്കിലും രണ്ടായിരത്തിമുന്നൂറോളം വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ 1987 ലും 91 ലും കൊയിലാണ്ടിയില്‍ നിന്നും എംടി പത്മ നിയമസഭയിലേക്ക് ജയിച്ചു കയറി. 91 ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ് ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു.
1999 ല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും 2004ല്‍ വടകരയില്‍നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടുകള്‍ക്കായിരുന്നു വടകരയിലെ തോല്‍വി. കെ കരുണാകരനുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ച പത്മ ഡിഐസിയിലേക്ക് പോയെങ്കിലും പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. 2013ല്‍ കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായി.