എം.ടി. കാലദേശങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച മാന്ത്രികൻ ; കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ

സർഗശക്തികൊണ്ട് കാലത്തിന്റെയും ദേശത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളഞ്ഞ മഹാമാന്ത്രികനായിരുന്നു എം.ടി. എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. 

മലയാള സാഹിത്യത്തെയും ചലച്ചിത്രത്തെയും മാധ്യമപ്രവർത്തനത്തെയും തനിക്കു മുൻപുള്ള കാലവും തനിക്കു ശേഷമുള്ള കാലവുമെന്നു രണ്ടായി വേർതിരിക്കാൻ സാധിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. മലയാളിക്കു ചലച്ചിത്രത്തിലൂടെ ‘നിർമാല്യദർശനം സാധ്യമാക്കിയ ചലച്ചിത്രകാരനും ‘ഒരുവടക്കൻ വീരഗാഥ’യിലൂടെയും മറ്റും തിരക്കഥാസങ്കൽപത്തെ മാറ്റിമറിച്ച തിരക്കഥാകൃത്തും ‘രണ്ടാമൂഴ’ത്തിലൂടെ ഉൾപ്പെടെ ഭാവനാത്മകതയെ അടിമുടി മാറ്റിപ്പണിത സാഹിത്യകാരനുമൊക്കെയായ ബഹുമുഖ വ്യക്തിത്വമായിരുന്നു എം ടി. മലയാളിയുടെ ഭാഷാ സ്നേഹത്തെയും സാഹിത്യ അഭിരുചിയെയും അദ്ദേഹം പാലൂട്ടി വളർത്തി. ആ സ്നേഹം കേരളത്തെയും മലയാളികൾ കഴിയുന്ന മുഴുവൻ ലോകത്തെയും കടന്ന് അന്യഭാഷകളിലേക്കുകൂടി ചെന്നു. ഒരുപക്ഷെ, എം.ടിയോളം ആരാധകരും വായനക്കാരുമുള്ള മറ്റൊരു മലയാള എഴുത്തുകാരൻ ഇല്ലെന്നു വരാം. ഇതിഹാസവും കടത്തനാടൻ കളരിയുമൊക്കെ സുലളിതവും സുഘടിതവുമായ രചനാവൈഭവത്തിനു പ്രമേയമാക്കി മാറ്റിയെടുത്ത അദ്ദേഹം, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മറ്റും കുടുംബ ബന്ധങ്ങളെ പുസ്തകത്താളുകളിലും അഭ്രപാളികളിലും സവിശേഷമായി വരച്ചിട്ടു. കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തെ ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. എം.ടിയുടെ എത്രയോ രചനകളും ചലച്ചിത്രങ്ങളും സർവകലാശാലയ്ക്കു കീഴിൽ പാഠപുസ്തകങ്ങളും പഠനസാമഗ്രികളുമാണ്. സർവകലാശാലയുടെ പുതിയ പദ്ധതികളോ ആശയങ്ങളോ എതുമാകട്ടെ, മാർഗദർശനം നൽകാനും ചേർന്നുനിൽക്കാനുമുള്ള വിശാലമനസ്കത എം.ടി. എല്ലായ്പ്പോഴും കാട്ടിയിരുന്നു. ഈ വിദ്യാലോകത്തെ സംബന്ധിച്ചിടത്തോളം എന്നും പ്രഭ ചൊരിയുന്ന നിറദീപമായി മലയാളത്തിന്റെ മഹാസാഹിത്യകാരൻ അനശ്വരനായി തുടരും. അദ്ദേഹത്തിന്റെ വേർപാടിൽ കാലിക്കറ്റ് സർവകലാശാല സമൂഹത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.

error: Content is protected !!