മലപ്പുറത്ത് ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ് ; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

മലപ്പുറം : മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് നാഗപട്ടണം മൈലാടുംതുറ സ്വദേശിയായ വാസു (40)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗപട്ടണം മൈലാടുംതുറ സ്വദേശി ബല്‍റാം (45) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കയ്യാങ്കളിയാണ് മരണത്തില്‍ കലാശിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. നാലു പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വാസു തള്ളിയപ്പോള്‍ ബല്‍റാം ഭിത്തിയില്‍ തലയിടിച്ചു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് വാസുവിന്റെ മൊഴി.

ഹില്‍ടോപ്പില്‍ മറ്റൊരു സുഹൃത്ത് താമസിക്കുന്ന ലോഡ്ജില്‍ എത്തി മദ്യപിക്കുന്നതിനിടെയാണ് സംസാരം കയ്യാങ്കളിയില്‍ എത്തിയത്. ഗുരുതര പരുക്കേറ്റ ബല്‍റാം സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വാസുവിനെ സിഐ പി.എം.ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണിക്കാരാണ് ബല്‍റാമും വാസുവും. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.

error: Content is protected !!