കോട്ടക്കല്‍ : കേരളത്തിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിൻ്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്. ഇവരുടെ ആരാധനാ മൂർത്തിയാണ് എഴാത്ത് പളച്ചി. പളിയക്കുടിയയിലെ പ്രധാന ദേവതയാണ് മാരിയമ്മ. മാരിയമ്മ കോവിലിലെ ഉത്സവത്തിൻ്റെ ഭാഗമായാണ് പളിയ നൃത്തം അവതരിപ്പിക്കുന്നത്.
ആകർഷണീയമായ ആഭരണങ്ങളും വസ്ത്രങ്ങളും പളിയനൃത്തത്തിൻ്റെ പ്രത്യേകതയാണ്. അണിയുന്ന കുപ്പായം ഇഞ്ച കൊണ്ടാണ് നിർമിക്കുന്നത്. തൊപ്പിമരം ചതച്ചാണ് ഉടുപ്പായി ഉപയോഗിക്കുന്നത്. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറമുണ്ടാക്കുന്നത്, കാട്ടിൽ ലഭ്യമായ ‘രാമക്കല്ല’ എന്ന ഒരിനം കല്ല് ഉരച്ചെടുത്തതാണ്. തേക്കിൻ്റെ ഇല പിഴിഞ്ഞെടുത്ത ചാറു കൊണ്ടാണ് ചുവന്ന നിറമുണ്ടാക്കുന്നത്.
പാട്ടിനൊപ്പം മുളം ചെണ്ട, നഗാര,ഉടുക്ക്,ഉറുമി, ജാലറ, ജലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യങ്ങളായി ഉപയോഗിക്കുന്നത്.ഈ വർഷമാണ് ആദ്യമായി കലോത്സവത്തിൽ പളിയ നൃത്തം എന്ന ഈ കലാരൂപം ഒരു മത്സരയിനമായി വന്നിട്ടുള്ളത്. ഗോത്രകലകളെക്കുറിച്ചുള്ള അവബോധം വള
ത്തുന്നതിന്റെ ഭാഗമായാണ് ഇവ മത്സര ഇനങ്ങളായി പരിഗണിച്ചത്.ക്രസൻ്റ് ഹയർസെക്കൻഡറി സ്കൂൾ അടയ്ക്കാക്കുണ്ട് , പളിയ നൃത്തം വിഭാഗത്തിൽ സംസ്ഥാന കലോത്സവത്തിന് അർഹത നേടിയിട്ടുണ്ട്.
അഞ്ജന, അതുല്യ കൃഷ്ണ പി, അനഘ വിനോദ്, നീന അൻവർ പി കെ, ആര്യ സജി സി കെ, ദിൽഷ പി കെ, ശ്രീപിയ എം, അനശ്വര. പി തുടങ്ങിയ വിദ്യാർഥിനികളാണ് നൃത്തം അവതരിപ്പിച്ചത്