കൊല്ലം : അയത്തിലില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ദേശീയപാത വികസനവുമായി ഭാഗമായി നിര്‍മിച്ചുകൊണ്ടിരുന്ന ചൂരാങ്കല്‍ പാലമാണ് പൊളിഞ്ഞുവീണത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ ആയിരുന്നു അപകടം. സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ മധ്യഭാഗം തകര്‍ന്നു താഴേക്ക് പതിക്കുകയായിരുന്നു. അപകട സമയം നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ഇതേസ്ഥലത്ത് അപകടം ഉണ്ടാകുന്നത് നാലാംതവണയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തൂണില്‍ ബലക്ഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കുവച്ച് പാലം പണി മുടങ്ങുകയും പൊളിച്ചുമാറ്റുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികള്‍ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികള്‍ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. തകര്‍ന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതര്‍ തുടര്‍നടപടികളിലേക്ക് കടന്നിട്ടുണ്ട്.