കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ആമില്‍ ആസാദിന്റെ പക്കലുണ്ടായിരുന്ന ബാഗിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് 14 കിലോഗ്രാം വരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കില്‍ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ നിരവധി പേരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം കൂടിയ ലഹരി വസ്തുവാണ് ഹൈബ്രിഡ് കഞ്ചാവ്. സിന്തറ്റിക് ലഹരിക്ക് സമാനമായ പദാര്‍ത്ഥമായതിനാല്‍ വിപണിയില്‍ വന്‍വിലയാണ് ഇതിന് ലഭിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ഗ്രാമിന് ഏഴായിരം രൂപ മുതല്‍ ഈടാക്കുന്ന വിവിധ ഹൈബ്രിഡ് കഞ്ചാവുകള്‍ തായ്‌വാന്‍, ചൈന പോലുള്ള രാജ്യങ്ങളില്‍ സുലഭമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് ആമില്‍ ആസാദ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയതെന്നും ഇയാള്‍ ഇടനിലക്കാരനെന്നുമാണ് വിവരം. അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.