ലൈംഗികാതിക്ഷേപം : ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍, നിര്‍ണായകമായത് ഹണി റോസിന്റെ രഹസ്യ മൊഴി ; കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി : ലൈംഗികാതിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ ഏറ്റവും നിര്‍ണായം ഹണി ഇന്നലെ എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി. വിധി കേട്ട ഉടനെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി. കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമര്‍ദ്ദം ഉയര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില്‍ സ്പര്‍ശിച്ചും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാര്‍ഥ പ്രയോഗം ആവര്‍ത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങള്‍ അടക്കമാണ് ഹണി റോസിന്റെ പരാതി.

ബോബിയെ റിമാന്‍ഡ് ചെയ്യണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നിരന്തരമായി അവഹേളിക്കുന്ന സമീപനമാണ് ബോബിയുടെ ഭാഗത്തു നിന്നുണ്ടായത്. ബോബി ചെമ്മണൂര്‍ നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ ഇത്തരം കുറ്റങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതു പോലെയാകുമെന്നും പ്രോസിക്യൂഷന്‍. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിനു തെളിവുണ്ട്. ദുരുദ്ദേശ്യത്തോടു കൂടിത്തന്നെയാണ് ബോബി കയ്യില്‍ പിടിച്ചത്. മോശം പെരുമാറ്റത്തോടുള്ള എതിര്‍പ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യ ഹര്‍ജിയില്‍ ബോബി ചെമ്മണ്ണൂരിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ താരതമ്യം ചെയ്താണ് പറഞ്ഞതെന്നും ഹണി റോസിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും പ്രതിഭാഗം കോടതില്‍ വാദിച്ചു. കുന്തീദേവി പരാമര്‍ശത്തിന് ശേഷവും സൗഹൃദത്തിലായിരുന്നു, ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും ബോബിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാമെന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ശരീരത്തില്‍ സ്പര്‍ശിച്ചു എന്നത് ശരിയല്ല. ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇനിയും റിമാന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണത്തോടു സഹകരിക്കാന്‍ തയാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ബോബിയുടെ അഭിഭാഷകന്‍ വാദിച്ചു.

കഴിഞ്ഞദിവസം രാവിലെ വയനാട്ടില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റും.

error: Content is protected !!