പൗരത്വ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ദില്ലി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍.സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുമാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ഹര്‍ജിയിലെ വാദം. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് കേരളത്തിന്റെ നിര്‍ണായക നീക്കം. സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരെന്നാണെന്നും ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു. മറ്റ് അപേക്ഷകള്‍ക്കൊപ്പം കേരളത്തിന്റെ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയില്‍ സംസ്ഥാനം ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിലാണ് ഇപ്പോള്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ചട്ടത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി 19ന് പരിഗണിക്കുന്നുണ്ട്. കേരളത്തിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചേക്കും.

error: Content is protected !!