മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരേയും വാര്‍ഡ് കൗണ്‍സിലര്‍മാരേയും ആദരിച്ചു. അനുമോദന പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കലൊടി ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മസേന വെളിച്ചം സംരഭക ഗ്രൂപ്പിലെ എട്ട് പേരേയും, തണല്‍ സംരഭക ഗ്രൂപ്പിലെ ഒമ്പത് പേരെയും വാര്‍ഡ് കൗണ്‍സിലര്‍മാരായ അജാസ് ചാലിലകത്ത്, സാജിത അത്തക്കകത്ത്, ആബിദ റബിയത്ത് എന്നിവരെയുമാണ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചത്.
2024 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഹരിതകര്‍മ്മസേനയുടെ അജൈവ മാലിന്യ ശേഖരണം നൂറുശതമാനം പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ കൂടെ ഏറ്റവും കൂടുതല്‍ യൂസര്‍ ഫീ കളക്ഷന്‍ കൈവരിച്ചതും പരിഗണിച്ച് വാര്‍ഡ് 28, 36, 27 യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഈ വാര്‍ഡുകളില്‍ നിന്നും മുഴുവന്‍ വീടുകളില്‍ നിന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി അജൈവ പാഴ്വസ്തുക്കള്‍ നഗരസഭ നിശ്ചയിച്ച ഹരിതകര്‍മ്മസേന ശേഖരിച്ചിരുന്നു. ഇതിന് പിന്തുണ സംവിധാനം നല്‍കിയതിന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരേയും നഗരസഭ കൗണ്‍സില്‍ അനുമോദിച്ചു.
ഡിസംബര്‍ മാസത്തോടുകൂടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഹരിതകര്‍മ്മസേനയുടെ വാതില്‍പ്പടി ശേഖരണം നൂറു ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിലൂടെ നഗരസഭ ലക്ഷ്യം വെയ്ക്കുന്നത് നഗരസഭാ പരിധിയില്‍ അജൈവ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ വലിച്ചെറിയാതെ സുരക്ഷിതമായി ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ 2025 മാര്‍ച്ച് 31ഓടു കൂടി മാലിന്യ മുക്തം നവകേരളം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തിരൂരങ്ങാടി നഗരസഭയും മാലിന്യമുക്തം നഗരസഭയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ തിരൂരങ്ങാടി നഗരസഭ ദേശീയതലത്തില്‍ സ്വച്ഛ് സര്‍വ്വേക്ഷന്‍ 2025ന് നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സി ജനുവരി രണ്ടാം വാരത്തോടൂകൂടി നഗരസഭാ പ്രദേശത്ത് മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളും ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നേരിട്ടും പൊതുജനങ്ങളില്‍ നിന്നും ഏജന്‍സി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതിലൂടെ ദേശീയ തലത്തില്‍ നഗരസഭയ്ക്ക് മെച്ചപ്പെട്ട റാങ്ക് കരസ്ഥമാക്കുന്നതിനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
അനുമോദന പരിപാടിക്ക് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍ അദ്ധ്യക്ത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുഹ്‌റാബി സി പി, സോന രതീഷ്, നഗരസഭാ സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ സ്വാഗതവും സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് എ പി നന്ദിയും പറഞ്ഞു.