കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലഞ്ച് ദിവസം താമസിച്ച് പഠനവകുപ്പുകള്‍ സന്ദര്‍ശിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഒരു കേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും മികവുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള ശാസ്ത്രയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുടെ മാതൃകയില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ഷം മുഴുവന്‍ പലഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന കേന്ദ്രമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതുപണത്തിനനുസരിച്ച് അതിന്റെ ഫലം സമൂഹത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സമൂഹ ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ പവലിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, ഡോ. കെ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രയാന്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. സി.സി. ഹരിലാല്‍ നന്ദി പറഞ്ഞു.
‘ഡിജിറ്റല്‍ കാലത്തെ ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തിൽ സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ മോഡറേറ്ററായി. സർവകലാശാലാ ചരിത്ര പഠന വകുപ്പ് മുൻ മേധാവി ഡോ. കെ. ഗോപാലൻ കുട്ടി, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. കെ.എം. അനിൽ, ഡോ. സംഗീത ചേനംപുള്ളി, ഡോ. പി. വിവേക് എന്നിവർ പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി.
17-ന് വൈകീട്ട് നാലര മുതല്‍ അഞ്ചര വരെ സ്റ്റുഡന്റ് ട്രാപ്പില്‍ സയന്‍സ് സ്ലാം പരിപാടിയിലെ ജേതാക്കള്‍ അവതരണം നടത്തും. വൈകീട്ട് ആറിന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ‘ അടിയാള പ്രേതം ‘ നാടകം അരങ്ങേറും.