കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമിയുടെ മര്‍ദനത്തെ തുടര്‍ന്നു നിലത്ത് വീണ ശ്യമിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെയായിരുന്നു സംഭവം.
ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതു കേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്യാം വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതും പ്രകോപനത്തിനു കാരണമായെന്നാണ് വിവരം.
ജിബിന്റെ മര്‍ദനമേറ്റ ശ്യാം നിലത്തുവീണു. ഇതോടെ നെഞ്ചില്‍ ആഞ്ഞുചവിട്ടി. ഈ അക്രമ സംഭവങ്ങള്‍ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ്.ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടന്‍ തന്നെ പ്രതി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസ് ഇയാളെ പിടികൂടി.
പ്രതിയെ പിടികൂടിയ ശേഷം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും ശ്യാം ജീപ്പിനുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളുമുള്ള ശ്യാം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിപോകവേയാണ് ക്രൂരകൃത്യം നടന്നത്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി.