കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം ; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുണ്ടറ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ മുര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് കുണ്ടറ റെയില്‍വേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പരാതി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ കാര്യത്തിന് സിപിഎം നേതാക്കള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഏതോ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തന്നെ അപായപ്പെടുത്തിയതായി സംശയിക്കുന്നു എന്നായിരുന്നു പൊലീസിന് കൃഷ്ണകുമാര്‍ നല്‍കിയ പരാതി.

മുളവനയിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചിറങ്ങുമ്പോള്‍ അടുത്ത സ്വീകരണ സ്ഥലം ചൂണ്ടി കാണിക്കുന്നതിനിടയില്‍ ബി.ജെ.പി. കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി സനല്‍ പുത്തന്‍വിളയുടെ കയ്യിലുണ്ടായിരുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ കൃഷ്ണകുമാറിന്റെ കണ്ണില്‍ കൊള്ളുകയും പരിക്കേല്‍ക്കുകയുമായിരുന്നു.

error: Content is protected !!