കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ്. കേസില്‍ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ജംഷീറിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അരയിടത്ത് പാലത്ത് വച്ച് ഇന്നലെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെയാണ് മരണം. 50ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

error: Content is protected !!