
മലപ്പുറം : വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ദേശീയ ഹരിത സേനയുടെ ഗ്രീന്‍ സ്‌കൂള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ എക്കോ ക്ലബ്ബ് പ്രസ്ഥാനമായ ദേശീയ ഹരിത സേനയിലെ മികച്ച ആറ് വിദ്യാലയങ്ങള്‍ക്കാണ് അവാര്‍ഡ്.
സ്‌കൂളിനെ മികവുറ്റതാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച സ്‌കൂള്‍ ഹരിതസേന കോഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കാണ് അംഗീകാരം. ഹരിതവല്‍ക്കരണം , മാലിന്യ നിയന്ത്രണം, അടുക്കളത്തോട്ടം, പ്ലാസ്റ്റിക് റീസൈക്ലിംഗ് , ക്യാമ്പസ് സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി വിദ്യാഭ്യാസ ക്യാമ്പുകള്‍, ഗ്രാമീണ ഹരിത ബോധവല്‍ക്കരണം, ജലവിഭവ മാനേജ്‌മെന്റ്, ഊര്‍ജ്ജ സംരക്ഷണം, ബദല്‍ ഉല്‍പന്ന പ്രചാരണം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ച സ്‌കൂളുകളാണ് അവാര്‍ഡിന് അര്‍ഹമായത്.
മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദേശീയ ഹരിത സേന ജില്ലാ കോഡിനേറ്റര്‍ ഒ. ഹാമിദലി അധ്യക്ഷത വഹിച്ചു. മുഥുന്‍ മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍മാരായ എ അബ്ദുറഹ്‌മാന്‍, പി സാബിര്‍ എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡിന് അര്‍ഹരായ അധ്യാപകരും വിദ്യാർത്ഥികളും:
വി. മിനി (കുറ്റിയില്‍ എ യു പി സ്‌കൂള്‍ പടിയം തിരൂര്‍), ടി സൂര്യ (പെരിങ്ങാവ് എ യു പി സ്‌കൂള്‍ പുതുക്കോട് രാമനാട്ടുകര), വിഎസ് ഷീന (ജി എം യു പി സ്‌കൂള്‍ ബിപി അങ്ങാടി തിരൂര്‍ ), പി . മുഹമ്മദ് ഹസന്‍ (എളംപിലാശ്ശേരി എ എല്‍ പി സ്‌കൂള്‍ തേഞ്ഞിപ്പലം ), ബഷീര്‍ തൊട്ടിയന്‍ (ഇ .എം .ഇ എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊണ്ടോട്ടി), അല്‍ത്താഫ് പത്തൂര് (ഉള്ളണം എ എം യുപി സ്‌കൂള്‍).