
തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാള്‍ കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്കുളം പാലത്തില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീറാമിനെയും ഷാനുവിനെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. അപകടത്തില്‍പ്പെട്ട ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്.
ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഫുഡ് ഡെലിവറിക്കായി പോകുമ്പോഴായിരുന്നു അപകടം. ഡോ. അതുല്‍ മെഡിക്കല്‍ കോളേജില്‍ പിജി ചെയ്യുന്നു. ഡോ. അതുലിന്റെ അമ്മയുടെ പേരിലാണ് വാഹനം. ഡോ. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്യും.