
തിരൂരങ്ങാടി: റംസാൻ ആഗതമാകുന്നതോടെ രാത്രി കാലങ്ങളിൽ വഴിയോരങ്ങളിലും ടൗണുകളിലും കൂണ് പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ടെൻറ്റുകളും ബങ്കുകളും കർശനമായി നിരോധിക്കാനും നിയന്ത്രിക്കാനും ഇന്ന് നഗരസഭയിൽ ചേർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പ്രത്യേക യോഗം തീരുമാനിച്ചു.
ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.
ചെയർമാൻ ഇൻചാർജ്ജ് സുലൈഖ കാലൊടി ഉത്ഘാടനം ചെയ്തു.
ഇത്തരം കേന്ദ്രങ്ങളിലും ചില സ്ഥിരം സ്ഥാപനങ്ങളിലും മാരകമായ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപ്പിലിട്ട ഉൽപ്പന്നങ്ങൾ,ചുരണ്ടി ഐസ്, മറ്റു നിരോധിത പാനീയങ്ങൾ എന്നിവ വ്യാപകമായി വിറ്റഴിക്കുന്നതിലൂടെ മഞ്ഞപ്പിത്തത്തിന് പുറമെ ,വൃക്ക , കരൾ,എന്നിവ തകരാറിലാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കാര്യം യോഗം വിലയിരുത്തി.
ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം കൂടി പരിഗണിച്ച് ഇവ നിയന്ത്രണ വിധേയമാക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിന് പ്രത്യേക സ്കോഡുകൾക്ക് രൂപം നൽകി.
തിങ്കളാഴ്ച മുതൽ പരിശോധന കർശനമാക്കാനും പൊതുജനങൾ ഇതുമായി സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
മഴക്കാലപൂർവ്വ ശുചീകരണത്തിന് സജ്ജമാകാൻ മാർച്ച് പതിനഞ്ചിനു മുമ്പായി വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ ചേരാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇക്ബാൽ കല്ലുങ്ങൾ, സോനാ രതീഷ്, സിപി സുഹ് റാബി, കൗൺസിലർമാർ ക്ളീൻ സിറ്റി മാനേജർ ടി കെ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിബു, ജലീൽ, ജെ എച് ഐ മാരായ പ്രദീപ് കുമാർ, സ്മിത, ജിജി, ശ്യാമിലി, സലീന എന്നിവർ സംബന്ധിച്ചു.