
മലപ്പുറം : ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്യൂണ്‍ രാമപുരം സ്വദേശി അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്നാണ് വിവരം. ചോദ്യപ്പേപ്പറുകളുടെ സീല്‍ഡ് കവര്‍ മുറിച്ച് ഫോട്ടോ എടുത്തുകൊടുക്കുകയായിരുന്നുവെന്ന് അബ്ദുല്‍ നാസര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് സയന്‍സ് വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. എംഎസ് സൊലൂഷന്‍സ് അധ്യാപകനായ ഫഹദ് മുമ്പ് മേല്‍മുറി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആ സമയത്താണ് നാസറും ഫഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടായത്. എംഎസ് സൊലൂഷന്‍സ് അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെ നേരത്തേ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണു നാസറിന്റെ പങ്ക് വ്യക്തമായത്. ചോദ്യക്കടലാസ് ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞെന്നും വിദ്യാഭ്യാസ വകുപ്പിനു സംഭവത്തില്‍ പങ്കില്ലെന്നും ക്രൈംബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടി അറിയിച്ചു.
പാക്ക് ചെയ്ത സീല്‍ഡ് കവറിന്റെ പുറകുവശം മുറിച്ചാണു ചോദ്യക്കടലാസ് പുറത്തെടുത്തത്. തുടര്‍ന്ന് ഫോട്ടോ എടുത്ത് കൊടുവള്ളി എംഎസ് സൊലൂഷന്‍സ് അധ്യാപകന്‍ ഫഹദിന് അയച്ചുകൊടുത്തു. ചോദ്യക്കടലാസ് തിരികെ വച്ചശേഷം പഴയതുപോലെ ഒട്ടിച്ചുവച്ചു. ചോദ്യക്കടലാസ് ചോര്‍ത്തിയത് സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന് അബ്ദുല്‍ നാസര്‍ സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്ലസ് വണ്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും എസ്എസ്എല്‍സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്പി വ്യക്തമാക്കി. നാസറിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്നു ഫഹദിന് അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്താന്‍ സാധിച്ചു. ഫഹദിന്റെ ഫോണില്‍ നാസറുമായുള്ള ചാറ്റുകള്‍ ഫോര്‍മാറ്റ് ചെയ്തുവെന്നും കണ്ടെത്തി.