കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

മലപ്പുറം : ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി.

1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണശേഷം ഭൂമി മക്കള്‍ക്ക് ലഭിച്ചു. ഭൂമിക്ക് സര്‍ക്കാര്‍ 15,965 രൂപ ജന്മവില നിശ്ചയിക്കുകയും അത് എട്ടു ഗഡുക്കളായി സര്‍ക്കാരിലേക്ക് അടവാക്കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ മക്കളായ ഖാന്‍ ബഹദൂര്‍ അഹമ്മദ് കുരിക്കള്‍, മൊയ്തീന്‍കുട്ടി കുരിക്കള്‍ എന്നിവര്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തു. 1864ല്‍ ഇവരുടെ കൈവശത്തിന് സര്‍ക്കാര്‍ കൈച്ചീട്ട് എഴുതിവാങ്ങുകയും ഇതു പ്രകാരമുള്ള സംഖ്യ 1868ല്‍ അടവാക്കുകയും ചെയ്തു. 1869ല്‍ ആകെയുള്ള ഭൂമിയില്‍ കുറച്ചു സ്ഥലം ഒഴിവാക്കി ബാക്കിയുള്ളവ മലബാറിലെ ചില സത്രങ്ങളുടെ സംരക്ഷണ ചെലവിനുള്ളത് കണ്ടെത്താനായി മാറ്റിവച്ചു. അന്നു മുതല്‍ ഈ ഭൂമി സത്രം വക ഭൂമിയെന്നറിയപ്പെട്ടു.

നിലവില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ ഇവിടെ കൃഷി ചെയ്തും വീടു വച്ചും കഴിയുന്നു. ഇവര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്. ഇവരുടെ കൈവശത്തിന് അടിസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഉണ്ട്. സെറ്റില്‍മെന്റ് രജിസ്റ്ററില്‍ റീമാര്‍ക്‌സായി 1922 ഡിസംബര്‍ 20ന് പാട്ടം നിശ്ചയിച്ച് കൊല്ലംതോറും ഏല്പിച്ച് കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രേഖയിലെ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാട്ടഭൂമിയാണെന്ന് പരിഗണിച്ചതും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഈനില തുടരാനിടയാക്കിയതും. കൈവശക്കാര്‍ക്ക് പൂര്‍ണ അവകാശത്തോടെ ഭൂമി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 1976ല്‍ കൈവശക്കാരനായ അബ്ദുഹാജിയുടെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചെങ്കിലും ഫലം കണ്ടില്ല.

ഈ സര്‍ക്കാരിന്റെ കാലത്താണ് ഭൂമി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലായത്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് തങ്ങളുടെ ഭൂമി തിരികെ ലഭിച്ചതെന്ന് സത്രം ഭൂമി സംരക്ഷണ സമിതി ചെയര്‍മാന്‍ എം മുഹമ്മദ് കുരിക്കള്‍ പറഞ്ഞു.

error: Content is protected !!