
കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു.
അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
‘കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒരുമിച്ച് ഒരു മുറിയിലാണ് താമസിക്കുന്നത്. ഒരു ജോലി വാങ്ങാന്‍ പഠിച്ചു തുടങ്ങിയതാ, അപ്പോഴാണ് കഞ്ചാവ് കേസ് എന്റെ തലയിലിട്ട് തന്നത്. സപ്ലികളെല്ലാം എഴുതിയെടുത്ത് പഠിച്ച് തുടങ്ങിയതായിരുന്നു. റെയിഡ് നടന്നപ്പോള്‍ താന്‍ റൂമില്‍ ഇല്ലായിരുന്നുവെന്നും കേസില്‍ പ്രതിയായ അഭിരാജ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോള്‍ മുറിയില്‍ ഞങ്ങള്‍ രണ്ട് പേരും ഉണ്ടായിരുന്നില്ലെന്നുംവന്നപ്പോള്‍ താന്‍ എസ് എഫ് ഐക്കാരന്‍ ആണെന്ന് വ്യക്തമായതോടെ പൊലീസുകാരന് ദേഷ്യമായെന്നും അഭിരാജ് കൂട്ടിച്ചേര്‍ത്തു.