അയൽവാസിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കോണി ഉപയോഗിച്ചാണ് മോഷണം
പള്ളിക്കൽ സലാമത്ത് നഗറിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നാലു പവന്റെ സ്വർണപ്പാദസരം കവർന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നര കഴിഞ്ഞാണ് സംഭവം.
സലാമത്ത് നഗർ കറുപ്പൻ വീട്ടിൽ മുഹമ്മദ് കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകൾനിലയിലെ മുറിയുടെ തുറന്നിട്ട ജനലഴിയിലൂടെയായിരുന്നു കവർച്ച.
മുഹമ്മദ് കോയയുടെ മരുമകൾ മർവമോളുടെ പാദസരമാണ് കവർന്നത്. സംഭവമറിഞ്ഞ ഉടനെ മർവമോളും വീട്ടുകാരും ഉണർന്നെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞു.
സമീപവാസിയുടെ വീട്ടിലുണ്ടായിരുന്ന ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് വീടിന്റെ മുകളിലത്തെ നിലയിൽ കയറിയത്.
തേഞ്ഞിപ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.
സമീപപ്രദേശമായ അമ്പലവളവിൽ രണ്ട് വർഷം മുൻപ് സമാനമാതൃകയിലുള്ള മോഷണം നടന്നിരുന്നു. സ്റ്റേഷൻ പരിധിയിലെ ഒലിപ്രംകടവിലെ അടച്ചിട്ട വീട്ടിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു.