ചേലേമ്പ്ര: യാത്ര ഇഷ്ടവിനോദമാക്കിയ ചേലേമ്പ്രയിലെ ദിൽഷാദ് തന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കാൻ പുറപ്പെട്ടു കഴിഞ്ഞു. ആഫ്രിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ ബൈക്കിൽ സഞ്ചരിച്ച് കാണുകയാണ് ലക്ഷ്യം. ഒന്നര വർഷം കൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ഉദ്യേശം.
ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. ഫെബ്രുവരി 4 ന് കപ്പൽമാർഗം ദുബായിലേക്ക്. ദുബായ്, ഒമാൻ, സൗദി എന്നീ അറേബ്യൻ രാജ്യങ്ങളിലൂടെ ബൈക്കിൽ യാത്ര തുടരും. പിന്നീട് സൂയസ് കനാൽവഴി ഈജിപ്തിലേക്ക്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയവഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പൽമാർഗം നാട്ടിൽ തിരിച്ചെത്തും.
ഒരുവർഷവും മൂന്നുമാസവുംകൊണ്ടു യാത്ര പൂർത്തിയാക്കാനാകുമെന്ന് ദിൽഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കാണാനും ഭാഷകളും സംസ്കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിലെ കാഴ്ചകൾ സ്വന്തം യൂട്യൂബ് ചാനൽവഴി ലോകത്തെ അറിയിക്കും. നേരത്തെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയും രണ്ടുതവണ ബൈക്കിൽ സഞ്ചരിച്ചിട്ടുണ്ട്.
ചേലേമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ -ഫാത്തിമ ദമ്പതിമാരുടെ മകനാണ് ദിൽഷാദ്.
ദിൽഷാദിന്റെ യാത്ര ഇടിമുഴിക്കലിൽ പി. അബ്ദുൾ ഹമീദ് എം.എൽ.എ. യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ വ്ളോഗർമാരും ഉണ്ടായിരുന്നു.