ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും

വള്ളിക്കുന്ന്  മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി  നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിയ്ക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും.

ചെനയ്ക്കലില്‍ ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്തു തന്നെയാണ് സ്ഥലം വിട്ടു നല്‍കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തയ്യാറാക്കാന്‍ ജല അതോററ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കിലോമീറ്റര്‍ അകലെയുള്ള ചാലിയാര്‍ മുണ്ടുകുഴിയില്‍ നിന്നാണ് വെള്ളം കാമ്പസിലെത്തിക്കുക. വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ , പരപ്പനങ്ങാടി നഗരസഭ  എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പദ്ധതിയുടെ നേട്ടം. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും. സര്‍വകലാശാലക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ജലഅതോററ്റി അംഗീകരിച്ചു. 33 മില്യന്‍ ലിറ്റര്‍ ശേഷിയുള്ള സംഭരണിയാണ് നിര്‍മിക്കുക. പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം തന്നെ 287 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.

രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. ജി. റിജുലാല്‍, ഇ. അബ്ദുറഹീം, സര്‍വകലാശാല എഞ്ചിനീയര്‍ വി.ആര്‍. അനില്‍ കുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, വാട്ടര്‍ അതോറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയകൃഷ്ണന്‍, അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. റഷീദലി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷിബിന്‍ അശോക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!