കൊച്ചി : കാർ വിൽപന നടത്തിയ ശേഷം പിന്തുടർന്നു മോഷണം നടത്തുന്ന തട്ടിപ്പുസംഘം അറസ്റ്റിൽ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാൽ(24), മുഹമ്മദ് ഫാഹിൽ(26), വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി ശ്യാം മോഹൻ(23) എന്നിവരെ അറസ്റ്റു ചെയ്തു. കാറിൽ ജിപിഎസ് ഘടിപ്പിച്ചു പിന്തുടർന്ന്, നേരത്തേ കരുതിയ താക്കോൽ ഉപയോഗിച്ചു വാഹനം കടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
ഈ മാസം എട്ടിന് ഒഎൽഎക്സിലെ പരസ്യം കണ്ടു വാഹനം വാങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് പ്രതികളുടെ തട്ടിപ്പിന് ഇരയായത്. കാർ വാങ്ങി തിരുവനന്തപുരത്തേയ്ക്കു പോകുന്നതിനിടെ പാലാരിവട്ടം ബൈപാസിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ പാർക്ക് ചെയ്തിടത്തുനിന്നു പ്രതികൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു. മോഷ്ടിച്ച വാഹനവും വിറ്റു ലഭിച്ച പണവുമായി പ്രതികൾ വയനാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ആഡംബരജീവിതം നയിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്.
ഇതേ വാഹനംതന്നെ കഴിഞ്ഞ മാസവും പ്രതികൾ സമാന രീതിയിൽ പള്ളുരുത്തി സ്വദേശിക്കു വിറ്റ ശേഷം തട്ടിയെടുത്താണ് തിരുവനന്തപുരം സ്വദേശിക്കു വിറ്റതെന്നു കണ്ടെത്തി. നേരത്തേ, കാർ വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി വളപട്ടണം സ്വദേശിയുടെ പക്കൽനിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതികൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഈ കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പള്ളുരുത്തി, തിരുവനന്തപുരം സ്വദേശികളെ തട്ടിപ്പിന് ഇരയാക്കിയത്.
നിലവിൽ തട്ടിപ്പിന് ഉപയോഗിച്ച കാർ പാലക്കാട് സ്വദേശിയിൽ നിന്നാണു പ്രതികൾ വാങ്ങിയത്. യഥാർഥ കാർ ഉടമയ്ക്കു പ്രതികൾ മുഴുവൻ പണവും നൽകിയില്ലെന്നു കാണിച്ചു നൽകിയ പരാതിയും പാലക്കാട് സ്റ്റേഷനിലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജുവിന്റെ നിർദേശത്തിൽ എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡാണ് പ്രതികളെ കുരുക്കിയത്. പാലാരിവട്ടം ഇൻസ്പെക്ടർ എസ്.സനൽ അന്വേഷണത്തിനു നേതൃത്വം നൽകി.