യുവാവിനെതിരെ താനൂര്‍ പൊലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ റസാഖ് കെ.പി.എ മജീദ് എം.എല്‍.എ മുഖേന നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. 31-ന് കെ.പി.എ മജീദ് എം.എല്‍.എ യുവാവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീര്‍ (22)എന്ന യുവാവിന് താനൂര്‍ പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണ്. ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവ് രക്തം ചര്‍ദ്ദിച്ചു. ആന്തരീകാവയവത്തിന് വരെ പരിക്ക് പറ്റിയിട്ടുണ്ട്.
സ്റ്റേഷനില്‍ നടന്നത് ക്രൂരമായ മര്‍ദ്ദനമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. താനൂര്‍ സ്റ്റേഷനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ട്. കള്ളക്കേസുകളില്‍ കുടുക്കുമെന്ന പൊലീസ് ഭീഷണി ഭയന്ന് പരാതികള്‍ നല്‍കാതെ പോകുന്നതോടെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ താനൂര്‍ സ്റ്റേഷനില്‍ പതിവാകുകയാണ്. മുകളില്‍ സൂചിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്.
താനൂര്‍ പൊലീസ് യുവാവിനെ ക്രൂരമായാണ് മര്‍ദ്ദിച്ചതെനും യുവാവിന് നീതി ലഭ്യമാക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.

error: Content is protected !!