ഡോക്ടർമാർ അവധിയില്‍; നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി

നന്നമ്പ്ര: സ്ഥിരം ഡോക്ടര്‍മാര്‍ അവധിയില്‍ പോയതോടെ നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. നാല് ഡോക്ടര്‍മാരുള്ള ആശുപത്രയില്‍ രണ്ട് താൽക്കാലിക ഡോക്ടര്‍മാരാണ് ഇപ്പോള്‍ ലീവിലുള്ളത്. അതോടെ ഉച്ചക്ക് ശേഷമുള്ള ഒ.പി, അവധി ദിവസങ്ങളിലെ ഒപി എന്നിവ നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രിയിൽ 2 സ്ഥിരം ഡോക്ടർമാരും എൻ ആർ എച്ച് എം നിയമിച്ച ഒരു ഡോക്ടറും ഉൾപ്പെടെ മൂന്ന് പേരാണ് രാവിലത്തെ ഒപിയിൽ ഉണ്ടായിരുന്നത്. കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഉച്ചയ്ക്ക് ശേഷം ഒ പി യിലേക്ക് ഒരു ഡോക്ടറെ പഞ്ചായത്തും നിയമിച്ചു. എന്നാൽ ഇപ്പോൾ ആകെ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫീസർക്ക് ട്രാൻസ്ഫർ ആയതിനെ തുടർന്ന് പകരം നിയമിച്ച ആൾ ജോയിൻ ചെയ്ത ശേഷം 2 മാസത്തെ അവധിയിൽ പോയിരിക്കുകയാണ്. ഇതേ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഒ പി നിർത്തി വെപ്പിച്ച് പഞ്ചായത്ത് നിയമിച്ച ഡോക്ടറെ കൂടി രാവിലത്തെ ഒപിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം , മെഡിക്കൽ ഓഫിസറുടെ ചുമതല ഉണ്ടായിരുന്ന ഡോക്ടർ പ്രസവാവധിയിലും പോയതോടെ ആകെ 2 ഡോക്ടർമാർ മാത്രമായിരിക്കുകയാണ്. കുത്തിവെപ്പിന് പോകുമ്പോൾ ഒരാൾ മാത്രമായി ചുരുങ്ങും. ദിവസേന മുന്നൂറിലേറെ പേർ ഒ പി യിൽ പരിശോധനക്ക് വരുന്നുണ്ട്. ഇപ്പോൾ പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ വർധിച്ച സാഹചര്യത്തിൽ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.
വിഷയത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. അടിയന്തിരമായി ഡോക്ടര്‍മാറെ നിയമിക്കണമെന്ന് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.കെ റഹീം, ജനറല്‍ സെക്രട്ടറി കെ അന്‍സാര്‍ എന്നിവര്‍ പറഞ്ഞു.

error: Content is protected !!