
മലപ്പുറം : മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനിക്ക് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. വണ്ടൂര്‍-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യന്‍, ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
2020 മുതല്‍ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇന്‍ഷുറന്‍സ് പോളിസി. 2023 ജൂണില്‍ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1,07,027 രൂപ ചികിത്സയ്ക്കായി അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ചികിത്സാ ചെലവ് നല്‍കില്ലെന്നു അറിയിക്കുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ചെയ്തത്.
2018 ല്‍ രോഗി അമിത രക്തസ്രാവത്തിനു ഡോക്ടറെ കണ്ടിരുന്നു എന്നും അത് മറച്ചുവെച്ചുകൊണ്ടാണ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതെന്നും അതിനാല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്. എന്നാല്‍ 2018 ല്‍ ഡോക്ടറെ കണ്ടതും 2023ല്‍ ചികിത്സ തേടിയതും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നും കമ്പനിയുടേത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷന്‍ വിധിച്ചു. മാത്രമല്ല യുവതിയായ ഒരു സ്ത്രീയുടെ മാസമുറയില്‍ അമിതമായ രക്തമുണ്ടായിരുന്നാല്‍ അത് രോഗമായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം എന്നത് വിചിത്രമായ നിലപാടാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയുമാണ് പരാതിക്കാരന് നല്‍കണമെന്ന് വിധിച്ചത്. ഒരു മാസത്തിനകം വിധി സംഖ്യ നല്‍കാതിരുന്നാല്‍ വിധിയായ തീയതി മുതല്‍ 12% പലിശയും നല്‍കണമെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.