
തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നാല് കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി കെ. പി. എ മജീദ് അറിയിച്ചു. തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് തറയിൽ ഒഴുകൂർ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ, പരപ്പനങ്ങാടി നഗരസഭയിലെ കടൽഭിത്തി നിർമ്മാണത്തിന് ഒരു കോടി രൂപ, നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണത്തിന് ഒരു കോടി രൂപ എന്നിങ്ങനെയാണ് സർക്കാരിന്റെ ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്.
കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി 2024-2025 വർഷത്തെ സംസ്ഥാന ബജറ്റിൽ ഈ പ്രവർത്തികൾക്ക് തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കി നൽകിയ ഡിപിആർ പ്രകാരമാണ് ധനകാര്യ വകുപ്പ് അംഗീകാരം നൽകിക്കൊണ്ട് ഭരണാനുമതി ഉത്തരവ് ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ പരപ്പനങ്ങാടി നഗരസഭയിൽ കടൽഭിത്തി നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ആയതിന്റെ പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിരുന്നു. പൂക്കിപ്പറമ്പ് തറയിൽ ഒരു റോഡിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും, മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച തുകയുടെ പ്രവർത്തിയുടെ ബാക്കി ഭാഗം റബ്ബറൈസ് ചെയ്യുന്നതിന് വേണ്ടിയാണ് രണ്ട് കോടി രൂപ അനുവദിച്ചിട്ടുള്ളത്.
തെന്നല പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡ് ആണ് ദേശീയപാതയിൽ പൂക്കിപ്പറമ്പ് ഭാഗത്തുനിന്ന് ഒരു പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡിലേക്ക് ബന്ധിപ്പിക്കപ്പെടുന്ന പൂക്കിപ്പറമ്പ് തറയിൽ ഒഴിവ് റോഡ്. നേരത്തെ ഈറോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നെങ്കിൽ സർക്കാർ ഏറ്റെടുത്തിരുന്നില്ല. നന്നമ്പ്ര പഞ്ചായത്തിലെ ശുദ്ധജല കുളമാണ് തെയ്യാല മനക്കുളം. ഈ കുളം നവീകരിക്കണമെന്ന് പ്രദേശത്തുകാരുടെയും, ജനപ്രതിനിധികളുടെയും ആവശ്യം കണക്കിലെടുത്താണ് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ പ്രൊപ്പോസൽ കെ. പി. എ മജീദ് സമർപ്പിച്ചിരുന്നത്.
അടിയന്തരമായി സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ച്, പ്രവർത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നൽകിയതായി കെപിഎ മജീദ് പറഞ്ഞു.