
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനെ കാണാന്‍ താല്പര്യമില്ലെന്ന് പ്രതി അഫാന്റെ മാതാവ് ഷെമി. എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ലെന്ന് കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്നും അവര്‍ പറഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന് താന്‍ സോഫയില്‍ ഇരുന്നു. അപ്പോള്‍ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍നിന്ന് ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് പോയി. അതിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പിന്നീട് പോലീസ് ജനല്‍ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറഞ്ഞു.
ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാന്‍ താല്പര്യമില്ല. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ഉള്‍പ്പെടെ മകന്‍ വായ്പ എടുത്തിരുന്നു. ബാങ്കിലും ബന്ധുക്കള്‍ക്കും കൊടുക്കാനായി 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ട്. ഭര്‍ത്താവിന്റെ ഗള്‍ഫിലെ കച്ചവടം തകര്‍ന്നപ്പോഴാണ് പണം കടം വാങ്ങേണ്ടിവന്നത്. ഇക്കാര്യങ്ങള്‍ എല്ലാം ഭര്‍ത്താവിന് അറിയാം. വീടു വിറ്റ് കടമെല്ലാം തീര്‍ക്കാമെന്ന് അഫാനോടു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ അഫാനുമായി ഒരു തരത്തിലുള്ള വഴക്കും ഉണ്ടായിട്ടില്ല. സംഭവം നടക്കുന്നതിന്റെ തലേന്ന് ആപ്പ് വഴിയെടുത്ത ലോണിന്റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. പണം കടം ചോദിച്ച് രാത്രി ബന്ധുവിന്റെ വീട്ടില്‍ പോയി. പക്ഷേ പണം കിട്ടിയില്ല. വീട്ടില്‍ തിരിച്ചെത്തിയിട്ടും അഫാന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. സോഫയില്‍ കിടന്നാണ് ഉറങ്ങിയത്. പിറ്റേന്നാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് മാതാവ് പറഞ്ഞു.
അതേസമയം, മകനെ കാണാന്‍ എനിക്കും താല്പര്യമില്ലെന്ന് പിതാവ് റഹീം പ്രതികരിച്ചു. ഇത്രയും ക്രൂരത കാട്ടിയ അവനോട് പൊറുക്കാന്‍ കഴിയില്ല. അമ്മയും മക്കളും തമ്മില്‍ നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. ഇളയമകനെ ഞാനില്ലാത്ത കുറവ് അറിയിക്കാതെ അവന്‍ വളര്‍ത്തിയതാണ്. അതുപോലെ അവന്‍ തന്നെ കൊന്നു കളയുകയും ചെയ്തു. ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും റഹിം പറഞ്ഞു. പ്രായക്കുറവിന്റെ പകത്വമില്ലായ്മയായി അഫാന്റെ പ്രവൃത്തികളെ കാണാന്‍ കഴിയില്ല. എല്ലാം പ്ലാന്‍ ചെയ്താണ് ചെയ്തിരിക്കുന്നത്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഇത്രയും പേരെ കൊല്ലാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ അവന് മാപ്പ് കൊടുക്കാന്‍ തയാറല്ല. ഫര്‍സാനയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാണാന്‍ താല്പര്യമില്ലെന്നായിരുന്നു ഫര്‍സാനയുടെ കുടുംബം അറിയിച്ചതെന്ന് പിതാവ് പറഞ്ഞു.