
തിരൂരങ്ങാടി : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ( കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ . മൊയ്ദീന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തെരഞ്ഞെടുക്കാം ..’ എന്ന സന്ദേശത്തില്‍ ആണ് ജില്ലയില്‍ ഈ വര്‍ഷം ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ചടങ്ങിന് ഡോ.ഹാഫിസ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഖദീജ ‘വീട്ടിലെ പ്രസവം, ആരോഗ്യ പ്രശ്നങ്ങള്‍ ‘ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. ഡോ. നൂറുദ്ധീന്‍, നഴ്‌സിംഗ് സൂപ്രണ്ട് സുന്ദരി, ജയ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ മേഖലയില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു മുന്നോട്ടു പോവുമ്പോള്‍, ചെറിയ ചില ഗ്രൂപ്പുകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി, വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതും, അത് ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്യുന്നതിലും പ്രഭാഷകര്‍ ആശങ്ക രേഖപെടുത്തി. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ കെജിഎംഒ ബോധവല്‍ക്കരണം നടത്തുമെന്നും, ആരോഗ്യകരമായ ജന്മം കുഞ്ഞിന്റെയും, അമ്മയുടെയും അവകാശമാണെന്നും പ്രഭാഷകര്‍ പറഞ്ഞു.